Monday, October 8, 2007

പരീക്ഷ

ഇത് ഇന്നലെ(07/10/2007) നടന്ന SBI യുടെ Asst.Manager(System) ടെസ്റ്റിന്റെ അനുഭവമാണിത്..

ഞായറാഴത്തെ(07/10/2007) പരീക്ഷ എഴുതാന്‍ ഞാന്‍ ശനിയാഴചതന്നെ(06/10/2007) തിരുവനന്തപുരത്ത്
എത്തി.കവടിയാറിലാണ് പരീക്ഷ.സ്ഥലത്തിന്റെ ഭൂമിശാസ്ത്ര പരമായ കിടപ്പ് മനസ്സിലാക്കാനായി (ജോഗ്രഫിക്കല്‍ സ്റ്റഡി)ശനിയാഴ്ച തന്നെ കവടിയാര്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു.തമ്പാനൂരില്‍ നിന്ന് നെടുമങ്ങാട് ബസ്സില്‍ കയറി. സ്ഥലം അറിയാത്തതുകൊണ്ട് ടിക്കറ്റ് എടുത്തപ്പോള്‍ കണ്ടക്ടറെ സ്ഥലം എത്തുമ്പോള്‍ പറയണമെന്ന് ചട്ടം കെട്ടി.
നാലു രൂപയുടെ ദൂരം കഴിഞ്ഞിട്ടും സ്ഥലം എത്താതായപ്പോള്‍ കവടിയാറിയില്ലേയെന്ന് അടുത്തിരുന്നാളോട് ചോദിച്ചു. കവടിയാര്‍ കഴിഞ്ഞിട്ട് പത്തുമിനിട്ടായെന്നയാള്‍ പറഞ്ഞു.അടുത്ത സ്റ്റോപ്പിലിറങ്ങി തിരിച്ചു കയറി.(നമ്മുടെ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ലാഭത്തിലോടുന്നതിന്റെ രഹസ്യം മനസ്സിലായല്ലോ?)
അക്കാമ്മചെറിയാന്റെ പ്രതിമ ലാന്‍ഡ് മാര്‍ക്കായി ജോഗ്രഫിക്കല്‍ സ്റ്റഡി നടത്തി.ജോഗ്രഫിക്കല്‍ സ്റ്റഡി നടത്തുന്നതിന് പല ഗുണങ്ങളുണ്ട്.പ്രത്യേകിച്ച് കുറുക്കുവഴികളും,ഇടവഴികളും,ഊടുവഴികളും മനസ്സിലാക്കിവച്ചിരുന്നാല്‍. ശനിയാഴത്തെ ദൌത്യം തീര്‍ത്ത് ഞാന്‍ മടങ്ങി.
ഞായറാഴ്ച് രാവിലെ വീണ്ടുമിറങ്ങി.ക്രൈസ്റ്റ് നഗറിന്റെ 34ആം നമ്പര്‍ മുറിയില്‍ ഞാന്‍ കയറി.എന്റെ നമ്പര്‍ അവസാനത്തെ ബഞ്ചില്‍.സ്കൂളില്‍ പഠിക്കുമ്പോള്‍ മുതലേ പിന്‍ ബഞ്ചാണ് നമ്മുടെ പ്രവര്‍ത്തന മണ്ഡലം. പിന്‍ബഞ്ചിലിരുന്നാല്‍ പലതാണ് ഗുണം.പ്രധാന നേട്ടം വായ്‌നോട്ടം തന്നെ. തല പുറകോട്ട് തിരിക്കാതെ എല്ലാവരേയും കാണാം.(ഇതിലും വലിയ ഒരു നേട്ടം പലപ്പോഴും പിന്‍ബഞ്ചുകാര്‍ക്ക് കിട്ടാറുണ്ട്.അത് പിന്‍
ബഞ്ചിലിരുന്നുതന്നെ അറിയേണ്ടതാണ്.)തീര്‍ന്നില്ല വായ്‌നോട്ടകഥകള്‍,പിന്നിലിരുന്ന് അല്ലങ്കില്‍ പിന്നാലെ നടന്ന് ആരാണ് വായ്നോട്ടം നടത്താത്തത്.(എല്ലാ കവികളും സ്ത്രികളെക്കുറിച്ച് എഴുതിയിട്ടുണ്ട്.അവരെല്ലാം തലമുടിയെക്കുറിച്ച് വര്‍ണ്ണിച്ചിട്ടുണ്ട്.അതും മുട്ടറ്റം വരെകിടക്കുന്ന തലമുടിയെക്കുറിച്ച്;ഏതായാലും പിന്നാലെ നടക്കാതെ മുട്ടറ്റം വരെകിടക്കുന്ന മുടിയെക്കുറിച്ച് അറിയത്തില്ലല്ലോ???? പെണ്‍കുട്ടികള്‍ ശ്രദ്ധിക്കുക! നിങ്ങളുടെ പിന്നാലെ നടക്കുന്ന വായിനോക്കി നാളെയൊരു കവിയാകത്തില്ലന്നാരറിഞ്ഞു.)
ഒന്‍പതരമണിയായപ്പോള്‍ ആയുധങ്ങളെല്ലാം എടുത്ത് അങ്കത്തിന് തയ്യാറായി.ആന്‍സര്‍ ഷീറ്റ് ഫില്‍ ചെയ്യാനായി കിട്ടി.പത്തക്കമുള്ള റോള്‍ നമ്പര്‍ എഴുതാന്‍ നോക്കുമ്പോള്‍ എട്ട് കോളങ്ങളേയുള്ളു.ആരും റോള്‍ നമ്പര്‍ എഴുതരുതെന്ന് അറിയിപ്പ് കിട്ടി.റോള്‍ നമ്പര്‍ വിട്ട് അടുത്ത കോളങ്ങളിലേക്ക് കടന്നു.പതിനാറാം കോളത്തില്‍ എത്തിയപ്പോള്‍ വീണ്ടും പ്രശനം.പതിമൂന്നന്ന് കറപ്പിക്കാന്‍ കോളം ഇല്ല.പ്രശനങ്ങള്‍ക്ക് പരിഹാരമായത് പെട്ടന്നാണ്.ആദ്യത്തെ രണ്ടക്കങ്ങള്‍ കോമണ്‍ ആയതുകൊണ്ട് ആദ്യത്തെ രണ്ടക്കങ്ങള്‍ റോള്‍ നമ്പര്‍ കോളത്തില്‍ എഴുതേണ്ടതില്ലന്ന്.പതിനാറാം കോളം കറുപ്പിക്കുകയേ വേണ്ടാന്ന്‍. ഇത്തരം നോട്ടപിശകുകള്‍ പരിഹരിക്കാന്‍ ഒറ്റ വഴിയേയുള്ളു.അച്ചടികളെല്ലാം നമ്മുടെ sslc പേപ്പര്‍ അച്ചടിക്കുന്നവരെ ഏല്‍പ്പിക്കുക!!!

പത്തുമണിയായപ്പോള്‍ യുദ്ധം തുടങ്ങി.ചോദ്യങ്ങളെല്ലാം വായിക്കാന്‍ പെട്ടൊരു പാടേ.ചോദ്യങ്ങളെല്ലാം ഹിന്ദിയിലും ഉണ്ട്.നാലാം ക്ലാസ്സില്‍ പഠിച്ചുതുടങ്ങിയ ഇംഗ്ലീഷ് വായിച്ചിട്ട് മനസ്സിലാവുന്നില്ല,അപ്പോള്‍ അഞ്ചാം ക്ലാസ്സു തൊട്ട് പത്താം ക്ലാസ്സുവരെ മാത്രം പഠിച്ച ഹിന്ദി മനസ്സിലാവുമോ?വെറുതെയല്ല ഹിന്ദിക്കാര് എല്ലാ പരീക്ഷകളിലും ജയിക്കുന്നത്.ഒന്നുമില്ലങ്കിലും അവന്മാര്‍ക്കൊക്കെ ചോദ്യമെങ്കിലും മനസ്സിലാവുമല്ലോ?ഇവന്മാര്‍ക്കൊക്കെ
ചോദ്യങ്ങള്‍ മലയാളത്തിലൂടെ അച്ചടിച്ചാലെന്താണ് കുഴപ്പം.

ആരാണപ്പാ ഈ ചോദ്യങ്ങളെല്ലാം ഇടുന്നത്?അവന്മാരുടെയൊക്കെ തല എന്തോ തലയായിരിക്കും?
പതിനൊന്നരയായപ്പോള്‍ ആദ്യ ഘട്ടം കഴിഞ്ഞു.ഇനി പന്ത്രണ്ടുവരെ രണ്ടാം ഘട്ടമാണ്.നിനച്ചിരിക്കാത്ത സമയത്ത് അടുത്ത അറിയിപ്പ് എത്തി.രണ്ടാം ഘട്ടം തുടങ്ങിയതുകൊണ്ട് ഒന്നാം ഘട്ടത്തിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം കറപ്പിക്കാന്‍ പാടില്ല.ഒരൊറ്റ ചോദ്യപേപ്പറാണ് .അതിലെ പേപ്പര്‍ പുറകോട്ട് മറിക്കല്ലന്നാണ് അറിയിപ്പ്.

പതിനൊന്നേമുക്കാലായപ്പോള്‍ കറുപ്പീരെല്ലാം കഴിഞ്ഞു.ഞാനെന്റെ ആന്‍സര്‍ ഷീറ്റിലോട്ട് നോക്കി.ഞങ്ങളുടെ നാട്ടിലെ തിയേറ്ററില്‍ സെക്കന്‍ഡ് ഷോയ്ക്ക് ആളിരിക്കുന്നതു പോലെയാണ് ആന്‍സര്‍ ഷീറ്റ്.അവിടെയും ഇവിടെയുമൊക്കെ ഓരോരോ കറപ്പുകള്‍.എന്റെ ആന്‍സര്‍ ഷീറ്റ് കണ്ടിട്ട് എനിക്കുതന്നെ വിഷമം തോന്നി.
പണ്ടേ എനിക്കല്പം അനുസരണശീലം കൂടുതലാണ്.അതുകൊണ്ട് ചോദ്യപേപ്പര്‍ മറിക്കാനൊരു മടി.പണ്ട് ദൈവം ലോത്തിന്റെ കുടുംബത്തോട് തിരിഞ്ഞുനോക്കല്ലന്ന് പറഞ്ഞിട്ടം, ലോത്തിന്റെ ഭാര്യ തിരിഞ്ഞുനോക്കിയതുകൊണ്ട് ഉപ്പുതൂണായതുകൊണ്ട് അത്തരം തിരിഞ്ഞുനോട്ടം പരിപാടി വേണ്ടാന്ന് ഞാന്‍ തീരുമാനിച്ചു.

ചോദ്യപേപ്പര്‍ തിരിച്ചാലല്ലേ പ്രശ്നം.പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ അവസാനത്തെ ബഞ്ചിലിരുന്നൊരു
പരിപാടിയുണ്ട്.പുസ്തകത്തില്‍ ഇട്ടുകൊണ്ട് പോകുന്ന റബ്ബര്‍ കറക്കിവച്ച് അതിനകത്ത് കുത്തുന്ന ഒരു കളി.വല്ലഭന് പുല്ലും ആയുധമാണല്ലോ? പിന്നീടൊന്നും ആലോചിച്ചില്ല. കണ്ണുമടച്ച് കറപ്പിക്കാന്‍ തുടങ്ങി.ഒന്നും മറിയാത്തവനും എല്ലാമറിയാവുന്നവനും ഒന്നും പേടിക്കേണ്ടാന്ന് ആരോ പറഞ്ഞിട്ടുണ്ടല്ലോ? പന്ത്രണ്ടുമണിയുടെ ബല്ല് മുഴങ്ങിയ ഉടനെ ആന്‍സര്‍ ഷീറ്റ് നല്‍കി ഇറങ്ങി.തമ്പാനൂരില്‍ നിന്ന് പന്ത്രണ്ടരയ്ക്കുള്ള പത്തനംതിട്ടയ്ക്കുള്ള ബസ്സില്‍ കയറി....
യാത്രകള്‍ അവസാനിക്കുന്നില്ലല്ലോ????

No comments: