തെമ്മാടിപ്പറമ്പിന് അവകാശിയായതാണ്. അപരന് ജീവിതം ഒരു മുഴം കയറില്‍ അവസാനിപ്പിച്ചതുകൊണ്ടാണ് ‘തെമ്മാടിപ്പറമ്പി’ല്‍ സ്ഥലം കിട്ടിയത് .(ഇപ്പോളാരേയും തെമ്മാടിപ്പറമ്പില്‍ അടക്കാറില്ല. ദൈവത്തിനുമുന്നില്‍ എല്ലാവരും സമ്നാരായതു കൊണ്ട് ആരേയും തെമ്മാടിപ്പറമ്പിലേക്ക് വിടാറില്ല.). കുന്നുകയറി പള്ളിമുറ്റത്ത് ചെന്നുകഴിഞ്ഞാല്‍ നല്ല കാറ്റുംകാഴ്ചകളുമാണ് . സന്ധ്യ ആയിക്കാഴിഞ്ഞാല്‍ എല്ലാവരും കുന്നിറങ്ങും. ആഗ്രഹങ്ങള്‍ പൂര്‍ത്തിയാകാതെ ജന്മം ഒഴിഞ്ഞ എത്രയോ ആത്മാക്കള്‍ ചുറ്റിക്കറങ്ങുന്ന സ്ഥലമാണിത് . ഏതെങ്കിലും ഒരാത്മാവ് കയറിയാല്‍ തീര്‍ന്നില്ലേ ജീവിതം ??
അല്പം പേടിയുണ്ടങ്കിലും ഈ സെമിത്തേരി ഞങ്ങള്‍ക്ക് പ്രിയപ്പെട്ടതാണ്. ‘തെമ്മാടിപ്പറ മ്പിനോട്’ ചേര്‍ന്ന് അടുത്ത പറമ്പില്‍ വലിയ മൂവാണ്ടന്‍ മാവുണ്ട്. മാവിന്റെ ചുവട് പെന്തിക്കൊസ്തുകാരുടെ സെമിത്തേരിയിലാണ്. (അവിടെ അന്തേവാസികള്‍ വിരലില്‍എണ്ണാവുന്നവരേയുള്ളു). പള്ളിസെമിത്തേരിയില്‍ നിന്ന് മാവിലെറിയാന്‍ എന്താ സുഖം. സെമിത്തേരിയില്‍ നില്‍ക്കുന്നതുകൊണ്ടായിരിക്കാം ഈ മാവിലെ മാങ്ങായുടെ രുചിക്കുമുന്നില്‍ സേലം മാങ്ങായൊന്നും ഒന്നുമല്ല. തെമ്മാടിപ്പറമ്പായതുകൊണ്ട് ‘ധൈര്യശാലികള‘ല്ലാത്തവരാരും വന്ന് മാങ്ങാപറക്കാറില്ല. തെമ്മാടിപ്പറമ്പിലെ അവകാശികളുടെആറടിസ്ഥലത്തിനുമണ്ടയ്ക്ക് നിന്നുകൊണ്ടാണ് മാവിലേറ് . ഏപ്രില്‍-മെയ് മാസങ്ങളിലെ മാങ്ങാ സീസണിലാണ് ഹാശാ ആഴ്ചയും വെക്കേഷന്‍ ബൈബിള്‍ സ്കൂളും വരുന്നത്. അതോടെ സെമിത്തേരിയില്‍ കിടക്കുന്നവന് കിടക്കപ്പൊറുതിയില്ലാതാവും.
ഹാശാ ആഴ്ചയില്‍ (ഓശാന ഞായര്‍ മുതല്‍ ഈസ്റ്റര്‍ വരെയുള്ള ദിവസങ്ങള്‍) സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് നേരത്തെ വീട്ടില്‍ നിന്നിറങ്ങി പള്ളിപ്പറമ്പിലെത്ത് മാവിലേ തുടങ്ങും. ആരെറിഞ്ഞിട്ടാലും അത് എല്ലാവര്‍ക്കുമായിട്ട് വീതിച്ചേ തിന്നത്തൊള്ളൂ. ദുഃഖവെള്ളിയാഴ്ച
വൈകിട്ട് പള്ളിയിലെ ആരാധനകഴിഞ്ഞിട്ട് പള്ളിയില്‍ ഒരു കഞ്ഞികുടിയുണ്ട്. കടുകുമാങ്ങായും,പപ്പടവും,പയറുമൊക്കെ ഇളക്കിയുള്ള ഒരു കഞ്ഞികുടി. കഞ്ഞികുടിച്ച് വീട്ടില്‍ പോയിട്ട് സന്ധ്യയ്ക്ക് തിരിച്ചുവരും. സന്ധ്യാ പ്രാര്‍ത്ഥന കഴിഞ്ഞ് പള്ളിയിലിരുന്ന് സങ്കീര്‍ത്തനം വായിക്കാനാണ് ഈ തിരിച്ചുവരവ് എന്നാണ് ഔദ്യോഗിക രേഖകളില്‍ കാണാവുന്നത്. സങ്കീര്‍ത്തനം വായിച്ചുതുടങ്ങുമ്പോള്‍ പള്ളിമൂപ്പന്‍ വന്ന് വിളിക്കും. ഈ വിളിയും പ്രതീക്ഷിച്ചാണ് സങ്കീര്‍ത്തനം വായിച്ചു തുടങ്ങുന്നത്. വൈകിട്ടത്തെ കഞ്ഞിയില്‍ അധികം വരുന്നത് സങ്കീര്‍ത്തനം വായിക്കാന്‍ വരുന്നവര്‍ക്ക് പള്ളിമൂപ്പന്‍ മാറ്റിവച്ചിട്ടു ണ്ടാവും. അത് കുടിക്കാനാണ് പള്ളിമൂപ്പന്‍ വിളിക്കുന്നത്. വയറു നിറഞ്ഞുകഴിഞ്ഞാല്‍ ചിലവന്മാര് കിടന്നുറങ്ങും. നാലഞ്ച് മണിക്കൂറുകൊണ്ട് 150സങ്കീര്‍ത്തനവും വായിച്ചു കഴിയും. സങ്കീര്‍ത്തനങ്ങള്‍ വായിച്ചുകഴിഞ്ഞാല്‍ ധൈര്യശാലികള്‍ മെഴുകുതിരി കത്തിച്ച് പള്ളിയില്‍ നിന്ന് ഇറങ്ങും.
മെഴുകുതിരികത്തിച്ച് പള്ളി അയ്യത്തേക്കിറങ്ങും. സെമിത്തേരിയുടെ ചുറ്റും തെങ്ങുണ്ട്. തേങ്ങാഇടാന്‍ വേണ്ടിയാണ് മെഴുകുതിരി കത്തിച്ചുകൊണ്ടുള്ള പോക്ക്. പള്ളിമുറ്റത്തെ തെങ്ങില്‍ നിന്ന് തേങ്ങായിട്ടാല്‍ തേങ്ങാവീഴുന്ന ശബ്ദ്ദം കേട്ട് പളിമൂപ്പനോ അച്ചനോ
എഴുന്നേറ്റാല്‍ സംഗതി പൊളിയും. അതുകൊണ്ട് ശവക്കോട്ടയിലെ തെങ്ങേലേ കയറൂ. (തേങ്ങാ തിന്നാനുള്ള ആക്രാന്തം മൂത്തിട്ടല്ല ഈ തേങ്ങാപറിക്കല്‍ ... ഒരു രസം!!). മെഴുകുതിരി വെളിച്ചത്തിലാണ് തെങ്ങുകയറ്റം. ടോര്‍ച്ച് അടിക്കത്തില്ല. ടോര്‍ച്ച് അടിച്ച്
കൊടുക്കുന്നത് ആരെങ്കിലും കണ്ട് ‘തേങ്ങാക്കള്ളന്‍ ‘ എന്ന് വിളിച്ചു കൂവിയാല്‍ പിറ്റേന്ന് മുതല്‍ നാട്ടിലെ പൊഴിഞ്ഞുവീണുപോകുന്ന തേങ്ങായ്ക്കുവരെ നമ്മള്‍ സമാധാനം പറയേണ്ടിവരും. മെഴുകുതിരി ആകുമ്പോള്‍ ആ റിസ്ക് ഇല്ല. മെഴുകുതിരി ഏതെങ്കിലും
കല്ലറയില്‍ കത്തിച്ചു വച്ചാല്‍ മതി. കല്ലറയില്‍ കിടക്കുന്നവന് സമാധാനവും കിട്ടും നമുക്ക് വെട്ടവും കിട്ടും. കല്ലറയില്‍ മെഴുകുതിരി കത്തിയിരിക്കുന്നതുകണ്ടാല്‍ രാത്രിയിലാരും നോക്കത്തുമില്ല. അല്ലങ്കില്‍ തന്നെ ഇരുട്ടിന്റെ ആത്മാക്കളായ ഞങ്ങളെ മെഴുകുതിരി
വെട്ടത്തിന്റെ നിഴലില്‍ കണ്ടാല്‍ ജീവനെക്കൊതിയുള്ളവരാരും ആ വഴിക്ക് ഒന്നുകൂടിനോക്കുകപോലുമില്ല. കൂടിവന്നാല്‍ രണ്ട് തേങ്ങായിടും. അത്രയേയുള്ളു. തേങ്ങാതിന്നിട്ട് ആരെകൊണ്ടാവും ചെറിഞ്ഞോണ്ട് നടക്കാന്‍ . അതുകൊണ്ട് രണ്ടേ രണ്ടു
തേങ്ങായിക്കപ്പുറത്തേക്ക് പോകാറില്ല. (കരിക്ക് നോക്കി ഇടാനറിയാവുന്ന പ്രൊഫഷണല്‍ ഇല്ലാത്തതുകൊണ്ട് കിട്ടുന്ന തേങ്ങാകൊണ്ട് സംതൃപ്തരാവുകയാണ് പതിവ്.)
വര്‍ഷങ്ങളായി തുടര്‍ന്നുവന്നുകൊണ്ടിരുന്ന ദുഃഖവെള്ളിയാഴ്ച് തേങ്ങാപറിക്കല്‍ ഒരു അനുഷ്ഠാനമായിത്തന്നെ മാറി ഞങ്ങള്‍ക്ക്. ആ വര്‍ഷവും ദുഃഖവെള്ളിയാഴ്ച് കഞ്ഞികുടിച്ച് സങ്കീര്‍ത്തനം വായിച്ചുകഴിഞ്ഞ് കത്തിച്ച് മെഴുകുതിരികളുമായി ശവക്കോട്ടയിലേക്ക്
ഇറങ്ങി. ‘ധൈര്യംമൂത്ത‘ രണ്ടുപേര്‍ മെഴുകുതിരിയുമായി മാവിന്‍ ചുവട്ടിലേക്ക് പോയി. മാങ്ങാപറക്കേണ്ടത് ‘തെമ്മാടിപറമ്പില്‍’ നിന്നാണ് എന്നുള്ളതൊന്നും അവര്‍ക്ക് പ്രശ്നമല്ലായിരുന്നു.“എടാ അങ്ങോട്ട് പോകേണ്ടാ“ എന്നൊന്നും പറഞ്ഞൊതൊന്നും
അവന്മാര്‍ കേട്ടില്ല. രണ്ടുപേരൂടെ നെഞ്ചു വിരിച്ച് മാങ്ങാപറക്കി തിരിച്ചു വന്നു. ഈ സമയം കൊണ്ട് ഒരുത്തന്‍ കയറി തേങ്ങാ ഇട്ടു. തേങ്ങാ ഇടിച്ചുകീറാതെ പൊതിച്ചെടുക്കാന്‍ ശവപ്പറമ്പില്‍ തന്നെ മാര്‍ഗ്ഗമുണ്ട്. ഒരു ശവക്കല്ലറയുടെ ചുറ്റും ചെറിയ കുന്തങ്ങള്‍
നാട്ടിയിട്ടുണ്ട്. ( ഈ കുന്തങ്ങള്‍ എന്തിനാണന്ന് എനിക്കിപ്പോഴും മനസിലായിട്ടില്ല. ചില മതിലുകളുടെ മുകളില്‍ ആരും അവിടേക്ക് അതിക്രമിച്ച് കടക്കാതിരിക്കാന്‍ ആണിയും കുപ്പിച്ചില്ലുകളും വച്ചിരിക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ ഈ കല്ലറിയില്‍ ആര് അതിക്രമിച്ചു
കയറാനാണ് ). പാരവച്ച് തേങ്ങാപൊതിക്കുന്നതുപോലെ ഈ കുന്തങ്ങളില്‍ തേണ്ടാ പൊതിക്കാം. (ഈ കുന്തം തേങ്ങാപൊതിക്കല്‍ എല്ലാവരേയും കൊണ്ടും പറ്റില്ല.).
മാങ്ങാപറക്കാന്‍ പോയതില്‍ ഒരുത്തനാണ് കല്ലറയുടെ കെട്ടില്‍ മെഴുകുതിരി കത്തിച്ചുവച്ചിട്ട് തേങ്ങാപൊതിക്കുന്നത്. ഒന്നാമത്തെ തേങ്ങാ പൊതിച്ചു കഴിഞ്ഞു. അവന്‍ രണ്ടാമത്തെ തേങ്ങാപൊതിക്കാന്‍ തുടങ്ങി. ഒന്നാമത്തെ തേങ്ങാപൊതിക്കുന്നതിനവന്
കൂട്ടിരുന്നവരെല്ലാം തേങ്ങാ പൊട്ടിക്കാനായി കല്ല് തേടിപ്പോയി. മെഴുകുതിരിയുടെ അരണ്ടവെളിച്ചത്തില്‍ ശവപ്പറമ്പില്‍ അവനൊറ്റയ്ക്ക് നിന്ന് തേങ്ങാപൊതിക്കുകയാണ്. അപ്പച്ചന്മാരും അമ്മച്ചിമാരും ആഗ്രഹപൂര്‍ത്തീകരണത്തിനുമുമ്പ് ദൈവം വിളിച്ചുകൊണ്ടുപോയവരും ഉറങ്ങുന്ന സെമിത്തേരിയില്‍ അവന്മാത്രമേ ഉറങ്ങാതുള്ളു. പള്ളിമുറ്റത്ത് നില്‍ക്കുന്ന ഞങ്ങള്‍ക്കവനെ കാണാം. പെട്ടന്ന് കല്ലറയിലെ മെഴുകുതിരി വെട്ടം അണഞ്ഞു. ഉടനെ അവന്റെ കരച്ചിലും കേട്ടു. “ഓടിവരിനടാ എന്നെ അപ്പച്ചന്‍
പിടിച്ചടാ ...” .പള്ളിമുറ്റത്ത് തേങ്ങാ പൊട്ടിച്ചുകൊണ്ടു നിന്ന ഞങ്ങളെല്ലാവരും അവന്റെ അടുത്തേക്ക് ഓടി. അപ്പോഴും അവന്‍ കരയുന്നുണ്ട്. “എന്നെ അപ്പച്ചന്‍ വിടുന്നില്ലടാ... എന്നെ ഇപ്പോള്‍ കൊണ്ടുപോകുമടാ ...” എന്നൊക്കെപറഞ്ഞാണ് അവന്‍ കരയുന്നത് .അവന്‍ ആലിലപോലെ വിറയ്ക്കുന്നുണ്ട്. കല്ലറയിലെ മെഴുകുതിരി കത്തിച്ചപ്പോഴാണ് അവനെ പിടിച്ച് അപ്പച്ചനെ
മനസിലാവുന്നത്.
കൂട്ടിരുന്നവരെല്ലാം തേങ്ങാ പൊട്ടിക്കാനായി കല്ല് തേടിപ്പോയി. മെഴുകുതിരിയുടെ അരണ്ടവെളിച്ചത്തില്‍ ശവപ്പറമ്പില്‍ അവനൊറ്റയ്ക്ക് നിന്ന് തേങ്ങാപൊതിക്കുകയാണ്. അപ്പച്ചന്മാരും അമ്മച്ചിമാരും ആഗ്രഹപൂര്‍ത്തീകരണത്തിനുമുമ്പ് ദൈവം വിളിച്ചുകൊണ്ടുപോയവരും ഉറങ്ങുന്ന സെമിത്തേരിയില്‍ അവന്മാത്രമേ ഉറങ്ങാതുള്ളു. പള്ളിമുറ്റത്ത് നില്‍ക്കുന്ന ഞങ്ങള്‍ക്കവനെ കാണാം. പെട്ടന്ന് കല്ലറയിലെ മെഴുകുതിരി വെട്ടം അണഞ്ഞു. ഉടനെ അവന്റെ കരച്ചിലും കേട്ടു. “ഓടിവരിനടാ എന്നെ അപ്പച്ചന്‍
പിടിച്ചടാ ...” .പള്ളിമുറ്റത്ത് തേങ്ങാ പൊട്ടിച്ചുകൊണ്ടു നിന്ന ഞങ്ങളെല്ലാവരും അവന്റെ അടുത്തേക്ക് ഓടി. അപ്പോഴും അവന്‍ കരയുന്നുണ്ട്. “എന്നെ അപ്പച്ചന്‍ വിടുന്നില്ലടാ... എന്നെ ഇപ്പോള്‍ കൊണ്ടുപോകുമടാ ...” എന്നൊക്കെപറഞ്ഞാണ് അവന്‍ കരയുന്നത് .അവന്‍ ആലിലപോലെ വിറയ്ക്കുന്നുണ്ട്. കല്ലറയിലെ മെഴുകുതിരി കത്തിച്ചപ്പോഴാണ് അവനെ പിടിച്ച് അപ്പച്ചനെ
മനസിലാവുന്നത്.
കൈലി മടക്കികുത്താതെയാണ് ഇഷ്ടന്‍ തേങ്ങാപൊതിച്ചത്. കാറ്റടിച്ച് മെഴുകുതിരി കെട്ടപ്പോള്‍ ഇഷ്ടന്റെ കൈലി കുന്തത്തില്‍ തറച്ച് കയറി കുരുങ്ങി. വെട്ടമില്ലാത്ത തുകൊണ്ട് കൈലി കുന്തത്തില്‍ കയറി ഇരിക്കുന്നത് ഇഷ്ടന് കാണാന്‍ പറ്റിയില്ല. കൈലി അപ്പച്ചന്‍ കയറിപിടിച്ചന്നാണ് അവന്‍ കരുതിയത് . ദൈവം സഹായിച്ച് അവന്റെ വെളിവിനൊരു കൊഴപ്പവും പറ്റിയില്ല.