Sunday, June 19, 2011

തിരഞ്ഞെടുപ്പും തിരസ്ക്കരണവും

ഇന്നലത്തെ(ജൂണ്‍18-2011) മനോരമയിലെ എഡിറ്റോറിയല്‍ പേജിലെ വാചക മേളയില്‍ യാസീന്‍ അശ്‌റഫിന്റെ ഒരു വാചകം ഉണ്ടായിരുന്നു. മൈസൂര്‍ നഗരത്തില്‍ ഇറങ്ങിയ കാട്ടാന ഒരാളെ കുത്തിക്കൊല്ലുന്ന പടം മനോരമയും ഹിന്ദുവും കൊടുക്കാതിരുന്നതിനെക്കുറിച്ചായിരുന്നു ആ വാചകം.
 ജൂണ്‍ 20 ലെ മാധ്യമം ആഴ്‌ചപ്പതിപ്പിലെ(പുസ്തകം 14) മീഡിയാ സ്കാന്‍ എന്ന കോളത്തില്‍ യാസീന്‍ അശ്‌റഫ് എഴുതിയതില്‍ നിന്ന് എടുത്ത് വാചകം ആയിരുന്നു ഇത്. (കൊല-ഒരു മുന്‍ ‌പേജ് പ്രദര്‍ശനം എന്ന തലക്കെട്ടിനകത്തെ വാചകം).
 ഈ സബ് ഹെഡിങ്ങിനു ശേഷം മീഡിയാ സ്കാന്‍ കോളത്തില്‍ മറ്റൊരു സബ ഹെഡിങ്ങ് ഉണ്ടായിരുന്നു. കാലവര്‍ഷം വന്നന്നും വന്നില്ലെന്നും. മനോരമയുടെ രണ്ട് എഡീഷനുകളില്‍ രണ്ടു തരത്തില്‍ വന്ന ഒരു വാര്‍ത്തയെക്കുറിച്ചായിരുന്നു അത്.

Saturday, June 4, 2011

അങ്ങനെ ഒരു മഴക്കാലത്ത് ......

അങ്ങനെ കാത്തുകാത്തിരുന്ന മഴ എത്തി.
പെയ്തിറങ്ങുന്ന മഴത്തുള്ളികള്‍ കാണാന്‍ എന്ത് ഭംഗി...
പേടിപ്പിക്കുന്ന കൊല്ലിയാനും ഇടിയും ഇല്ലാതെ അവള്‍ ,മഴ വന്നെത്തി.
ഒരുവിരുന്നുകാരിയായി വന്ന് ആതിഥേയനായി മാറുന്ന മഴ....
മഴത്തുള്ളികള്‍ മുഖത്തേക്ക് വീഴുമ്പോള്‍ എന്തൊരു അനുഭൂതിയാണ് ...
ഇടവപ്പാതി അതിന്റെ സംഹാരശക്തി എടുക്കാന്‍ കുറച്ചു ദിവസങ്ങള്‍ കഴിയും...
അതുവരെ മഴ സുന്ദരിയാണ്..
ഒരു നാടന്‍ സുന്ദരി...
നാണത്തോടെ ചെറുപുഞ്ചിരി നല്‍കി കടന്നു പോകുന്ന ഒരു സുന്ദരി..........
അവള്‍ കുറച്ചുകഴിഞ്ഞാല്‍ സംഹാരദുര്‍ഗ്ഗയാവും.....
വീശിയടിക്കുന്ന കാറ്റിനോടൊപ്പം ആരോടോ ഉള്ള പക തീര്‍ക്കാനെന്നവണ്ണം അവള്‍ വരും ....
നാണത്തോടെ പുഞ്ചിരി സമ്മാനിച്ച അവള്‍ രുദ്രതാണ്ഡവം നടത്തി പൊട്ടിച്ചിരിക്കും.....
ആ ചിരിയില്‍ പലരും ????

സ്കൂള്‍ തുറക്കുമ്പോള്‍ പുത്തന്‍ ഉടപ്പാകെ നനഞ്ഞ് സ്കൂളിലെ ആടുന്ന ബഞ്ചിലിരുന്ന തുറന്നിട്ട ജനലിലൂടെ മഴയോട് കിന്നാരം പറഞ്ഞ നാളുകള്‍....
പെയ്തിറങ്ങുന്ന മഴയില്‍ നിന്ന് രക്ഷപെടാന്‍ വാഴയിലയുടെ തണലില്‍ അഭയം തേടിയത് .....
മഴയില്‍ നിന്ന് രക്ഷപെടാന്‍ പല്ലുകൊണ്ട് വാഴക്കൈ കടിച്ച് പറിച്ച് കുടയാക്കിയത്... 
ആനചേമ്പിലയുടെ തണലില്‍ മഴയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ചത്.....
വാഴയിലയില്‍ പൊട്ടല്‍ വീണ് മഴവെള്ളം എല്ലാം തലയിലേക്ക് തന്നെ...........
തലയിലൂടേ വീഴുന്ന മഴ വെള്ളം കണ്ണിന്റെ കാഴച മറച്ച് ഒഴുകി ഇറങ്ങിയത് .....

നിറഞ്ഞ് കിടക്കുന്ന പാടത്തെ ചേറ് വെള്ളത്തില്‍ ഓടിക്കളിച്ചത് ....
പെയ്‌ത്തുവെള്ളം നിറഞ്ഞ തോടുകളില്‍ കണ്ണന്‍ ചെമ്പിലകൊണ്ട് വള്ളമുണ്ടാക്കി ഒഴുക്കിവിട്ടത് ......
ചേമ്പില വള്ളങ്ങള്‍ എങ്ങും തട്ടാതെ പോകാന്‍ അവയ്ക്ക് വഴി ഒരുക്കാന്‍ തോട്ടിലൂടെ വെള്ളത്തിലൂടെ നടന്നു നീങ്ങിയത് .....
പുസ്തകങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കിഉടുപ്പിനുള്ളിലൂടെ നിക്കറിനകത്തേക്ക് പൂഴ്‌ത്തി പുസ്തകങ്ങള്‍ക്ക് സംരക്ഷണം നല്‍കിയത്...
കണ്ടത്തിന്‍ വരമ്പിലൂടെ മഴ നനഞ്ഞ് സ്കൂളിലേക്ക് പോയതും വന്നതും...
കാറ്റടിക്കുമ്പോള്‍ കുടപിടച്ച് വരമ്പിലൂടെ നടക്കുന്ന പെണ്‍കുട്ടികളുടെ പാവാടപൊങ്ങുമ്പോള്‍ കൂവിവിളിച്ച നാളുകള്‍ .....
പാവം പെണ്‍കുട്ടി പാവാടയെ അനുസരിപ്പിക്കുന്നോ കുടയെ അനുസരിപ്പിക്കുന്നോ ????അവസാനം കുടമടക്കി അവരും നനയുമ്പോള്‍ ആര്‍പ്പുവിളികള്‍....
സൌഹൃദത്തിന്റെ ആര്‍പ്പുവിളികള്‍...

പെയ്‌ത്തുവെള്ളത്തില്‍ നിറഞ്ഞൊഴുകുന്ന തോട് കടക്കാനാവാതെ മഴ തോരുന്നതുവരെ കാത്തുനിന്നത് ...
കാറ്റത്ത് ശക്തിയായി മുഖത്ത് വന്നടിക്കുന്ന മഴത്തുള്ളികള്‍ സമ്മാനിച്ച സുഖമുള്ള വേദനകള്‍ ...
അസമയത്ത് മിന്നിയ മിന്നലില്‍ പേടിച്ച് നിലവിളിച്ച് കൂട്ടുകാരെ കെട്ടിപ്പിടിച്ച് നിന്ന നാളുകള്‍ .....
പെട്ടന്ന് പെയ്യുന്ന മഴയെ ആര്‍പ്പുവിളികളോടെ സ്വീകരിച്ച നാളുകള്‍...
ഇരുണ്ട് കൂടുന്ന കാര്‍മേഘങ്ങളില്‍ ഇരുട്ട് പരക്കുമ്പോള്‍ സന്തോഷം കൊണ്ട് മതിമറന്നത് ....
കയ്യാലകളില്‍ തൂങ്ങിക്കിടക്കുന്ന മഴത്തുള്ളികള്‍പറിച്ച് കണ്ണുകളെ തണുപ്പിച്ചത്.....

മഴയത്ത് പണ്ട് നടന്ന് പാടത്തെ ചേറ്റു വരമ്പുകളിലൂടെ ഒരിക്കല്‍‌കൂടി നടക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍???....
ഇന്ന് പാടത്തെ വരമ്പുകളില്‍ മഴയത്ത് ആര്‍പ്പുവിളിക്കുന്ന കുട്ടികള്‍ ഇല്ല....
മഴ നനയാന്‍ ഇറങ്ങി നില്‍ക്കുന്നവരില്ല...
പക്ഷേ മഴ ഇപ്പോഴും പെയ്യുന്നു...
തന്റെ സൌന്ദര്യം ആരെങ്കിലും ഒക്കെകാണുന്നുണ്ടന്നവള്‍ പ്രതീക്ഷിക്കുന്നുണ്ടാവാം....
ക്യാമറക്കണ്ണുകള്‍ക്ക് ഒപ്പിയെടുക്കാവുന്നതിലുംഅപ്പുറമാണവളുടെ സൌന്ദര്യം...
കസേരയില്‍ ചാരിക്കിടന്ന് മഴ കാണുമ്പോള്‍ അവള്‍ വിളിക്കുന്നുണ്ടാവാം,അവളുടെ അടുത്തേക് ചെന്ന് അവളെ ഒന്നു തൊടാന്‍......
അവളിലേക്ക് അലിഞ്ഞു ചേരാന്‍.....
പക്ഷേ ,
അവളുടെ ക്ഷണത്തിന് മുഖം തിരിച്ച് കിടക്കേണ്ടി വരുന്നു..
അവളുടെ കുസൃതികള്‍ക്ക് ഒരു മാറ്റവും ഇല്ല.... അവളിന്നും പഴയെ പോലെയാണ്
അവള്‍ക്ക് മാറ്റം ഒന്നുംവന്നിട്ടില്ലങ്കിലും നമ്മള്‍ക്ക് മാറ്റം സംഭവിച്ചത് അവള്‍ അറിഞ്ഞിട്ടില്ലായിരിക്കുമോ?
അതോ അറിഞ്ഞിട്ടുംഅറിയാത്ത ഭാവം കാണിക്കുകയാണോ ????
അതോ അവള്‍ എല്ലാവരേയും കുട്ടികളായി കാണുന്നോ ?

തുറന്നിട്ടിരിക്കുന്ന ജനാലകളിലൂടെ അവള്‍ കാറ്റിനെ കൂട്ടുപിടിച്ച് അടുത്തേക്ക് കടന്നുവരാന്‍ നോക്കുന്നു...
ഒരിക്കലും നിത്യയൌവനംമാറാത്ത അവള്‍ കൂടുതല്‍ കൂടുതല്‍ സുന്ദരി ആവുകയല്ലേ?????

പക്ഷേ ഇന്ന്....
എഴുന്നേല്‍ക്കാതെ ജനാലയിലൂടെ നോക്കുമ്പോള്‍ പുറത്തെ മഴ എനിക്ക് കാണാം.
മഴയുടെ സംഗീതം എനിക്ക് കേള്‍ക്കാം.
പക്ഷേ മഴയുടെ സൌന്ദര്യം എനിക്ക് കാണാന്‍ കഴിയുന്നില്ല. പ്രകൃതിയുടെ വരദാനങ്ങള്‍ എല്ലാം നമ്മള്‍ നഷ്ടപ്പെടുത്തി. ചുറ്റിനുമുള്ള കോണ്‍ക്രീറ്റ് വനങ്ങള്‍ക്കിടയില്‍ മഴയ്ക്കെന്ത്  സൌന്ദര്യം??. ഞാന്‍ എഴുന്നേറ്റ് ജനാലയ്ക്ക്ല്‍ ചെന്നു നി്ന്നു.അടയ്ക്കാന്‍ മറന്ന ജനല്‍പ്പാളികളിലൂടെ ചിതറിത്തെറിച്ചെത്തിയ മഴത്തുള്ളികള്‍ മുഖത്തേക്ക് വീണപ്പോള്‍ ഞാനൊരു സ്വപ്നലോകത്തായിരുന്നോ?  ആരോടോ മത്സരിക്കാന്‍ വീശിയടിച്ച കാറ്റ് മഴത്തുള്ളികള്‍ കൊണ്ട് എന്ന് വരിഞ്ഞുമുറുക്കി. നിശബ്ദ്ദതയില്‍ മഴയുടെ സംഗീതം മാത്രം...
എന്റെ മുന്നില്‍ മഴമാത്രം..
മഴയുടെ സൌന്ദര്യം....
ഒരു സ്വപ്നലോകത്തേക്ക് ഞാന്‍ പോവുകയാണ് ......
നിശബ്ദ്ദതയില്‍ മഴയുടെ സംഗീതം മാത്രം...
ആ സംഗീതത്തില്‍ അലഞ്ഞുചേരുമ്പോള്‍ മിന്നലിന്റെ വെള്ളിവെളിച്ചത്തില്‍ ഒരു മാലാഖയെപ്പോലെ ആകാശത്ത് നിന്ന് ഇറങ്ങി അവള്‍ എന്റെ അടുക്കലേക്ക് വന്നു.
അവളെനിക്കാരാണ്?
അവളെന്നെ തേടിവന്നതെന്തിനാണ് ?? .
മഴ പെയ്യാത്ത ഏതോ ദേവലോകത്ത് വന്ന, മഴയുടെ സൌന്ദര്യം ആസ്വദിക്കാന്‍ എത്തിയ ദേവതയായിരിക്കാം അവള്‍.
അതോ ഞാന്‍ കാണുന്ന സ്വപ്നത്തില്‍ നിന്ന് ഇറങ്ങി വന്ന ദേവ കന്യകയോ??  .
കൈതപ്പൂവിന്റെയോ പാലപ്പൂവിന്റെയോ കാപ്പിപ്പൂവിന്റെയോ മണമായിരുന്നു അവള്‍ക്ക്.
അവളുടെ സുഗന്ധം എനിക്ക് വേര്‍തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
മഴയിലേക്ക് അവളെന്നെ വിളിക്കുന്നു. .ഞങ്ങള്‍ പതിയെ മഴയിലേക്ക് ഇറങ്ങി.....
ഇനി സ്വപ്നങ്ങളുടെ മഴക്കാലം ......
ഇനി സ്വപ്നങ്ങളുടെ പെരുമഴക്കാലം ...
പെയ്തൊഴിയാന്‍ മടിക്കുന്ന മഴമേഘങ്ങളുടെ രുദ്രതാളത്തിന്റെ ജീവതാളം....
സ്വപ്നങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന മഴക്കാലം...
 ഈ മഴയില്‍ അലിഞ്ഞു ചേരുന്നു.....
ഭൂതകാലവും വര്‍ത്തമാനകാലവും തിരിച്ചറിയാനാവാത്ത അതിര്‍ രേഖകളില്‍ ഞാനെന്റെ മനസിനെ നിര്‍ത്താന്‍ ശ്രമിക്കുകയാണ് ....
ഭൂതകാലത്തിലെ ആ മഴക്കാലത്തേക്ക് പോകാന്‍ ഞാനെന്താണ് ചെയ്യേണ്ടത്???
അറിയില്ല.....
പക്ഷേ ഈ മഴയെ ഞാന്‍ ഇപ്പോഴും പ്രണയിക്കുന്നു..
അവളില്‍ ചേര്‍ന്നലിയാല്‍ ഞാന്‍  ഇപ്പോഴും കൊതിക്കുന്നു.....
മഴ....മഴ..മഴ.....മഴ....
പ്രണയിക്കുന്നവര്‍ക്കും വിരഹത്തില്‍ ഇരിക്കുന്നവര്‍ക്കും പ്രതീക്ഷ നല്‍കുന്ന മഴ.....
മഴ ജീവതാളം ആകുമ്പോള്‍ ഞാനും മഴയുടെ ഭാഗമാകുന്നു.....
ഈ മഴയില്‍ ഞാനും അലിഞ്ഞ് ചേരുന്നു.....