Sunday, June 19, 2011

തിരഞ്ഞെടുപ്പും തിരസ്ക്കരണവും

ഇന്നലത്തെ(ജൂണ്‍18-2011) മനോരമയിലെ എഡിറ്റോറിയല്‍ പേജിലെ വാചക മേളയില്‍ യാസീന്‍ അശ്‌റഫിന്റെ ഒരു വാചകം ഉണ്ടായിരുന്നു. മൈസൂര്‍ നഗരത്തില്‍ ഇറങ്ങിയ കാട്ടാന ഒരാളെ കുത്തിക്കൊല്ലുന്ന പടം മനോരമയും ഹിന്ദുവും കൊടുക്കാതിരുന്നതിനെക്കുറിച്ചായിരുന്നു ആ വാചകം.
 ജൂണ്‍ 20 ലെ മാധ്യമം ആഴ്‌ചപ്പതിപ്പിലെ(പുസ്തകം 14) മീഡിയാ സ്കാന്‍ എന്ന കോളത്തില്‍ യാസീന്‍ അശ്‌റഫ് എഴുതിയതില്‍ നിന്ന് എടുത്ത് വാചകം ആയിരുന്നു ഇത്. (കൊല-ഒരു മുന്‍ ‌പേജ് പ്രദര്‍ശനം എന്ന തലക്കെട്ടിനകത്തെ വാചകം).
 ഈ സബ് ഹെഡിങ്ങിനു ശേഷം മീഡിയാ സ്കാന്‍ കോളത്തില്‍ മറ്റൊരു സബ ഹെഡിങ്ങ് ഉണ്ടായിരുന്നു. കാലവര്‍ഷം വന്നന്നും വന്നില്ലെന്നും. മനോരമയുടെ രണ്ട് എഡീഷനുകളില്‍ രണ്ടു തരത്തില്‍ വന്ന ഒരു വാര്‍ത്തയെക്കുറിച്ചായിരുന്നു അത്.

Saturday, June 4, 2011

അങ്ങനെ ഒരു മഴക്കാലത്ത് ......

അങ്ങനെ കാത്തുകാത്തിരുന്ന മഴ എത്തി.
പെയ്തിറങ്ങുന്ന മഴത്തുള്ളികള്‍ കാണാന്‍ എന്ത് ഭംഗി...
പേടിപ്പിക്കുന്ന കൊല്ലിയാനും ഇടിയും ഇല്ലാതെ അവള്‍ ,മഴ വന്നെത്തി.
ഒരുവിരുന്നുകാരിയായി വന്ന് ആതിഥേയനായി മാറുന്ന മഴ....
മഴത്തുള്ളികള്‍ മുഖത്തേക്ക് വീഴുമ്പോള്‍ എന്തൊരു അനുഭൂതിയാണ് ...
ഇടവപ്പാതി അതിന്റെ സംഹാരശക്തി എടുക്കാന്‍ കുറച്ചു ദിവസങ്ങള്‍ കഴിയും...
അതുവരെ മഴ സുന്ദരിയാണ്..
ഒരു നാടന്‍ സുന്ദരി...
നാണത്തോടെ ചെറുപുഞ്ചിരി നല്‍കി കടന്നു പോകുന്ന ഒരു സുന്ദരി..........
അവള്‍ കുറച്ചുകഴിഞ്ഞാല്‍ സംഹാരദുര്‍ഗ്ഗയാവും.....
വീശിയടിക്കുന്ന കാറ്റിനോടൊപ്പം ആരോടോ ഉള്ള പക തീര്‍ക്കാനെന്നവണ്ണം അവള്‍ വരും ....
നാണത്തോടെ പുഞ്ചിരി സമ്മാനിച്ച അവള്‍ രുദ്രതാണ്ഡവം നടത്തി പൊട്ടിച്ചിരിക്കും.....
ആ ചിരിയില്‍ പലരും ????

സ്കൂള്‍ തുറക്കുമ്പോള്‍ പുത്തന്‍ ഉടപ്പാകെ നനഞ്ഞ് സ്കൂളിലെ ആടുന്ന ബഞ്ചിലിരുന്ന തുറന്നിട്ട ജനലിലൂടെ മഴയോട് കിന്നാരം പറഞ്ഞ നാളുകള്‍....
പെയ്തിറങ്ങുന്ന മഴയില്‍ നിന്ന് രക്ഷപെടാന്‍ വാഴയിലയുടെ തണലില്‍ അഭയം തേടിയത് .....
മഴയില്‍ നിന്ന് രക്ഷപെടാന്‍ പല്ലുകൊണ്ട് വാഴക്കൈ കടിച്ച് പറിച്ച് കുടയാക്കിയത്... 
ആനചേമ്പിലയുടെ തണലില്‍ മഴയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ചത്.....
വാഴയിലയില്‍ പൊട്ടല്‍ വീണ് മഴവെള്ളം എല്ലാം തലയിലേക്ക് തന്നെ...........
തലയിലൂടേ വീഴുന്ന മഴ വെള്ളം കണ്ണിന്റെ കാഴച മറച്ച് ഒഴുകി ഇറങ്ങിയത് .....

നിറഞ്ഞ് കിടക്കുന്ന പാടത്തെ ചേറ് വെള്ളത്തില്‍ ഓടിക്കളിച്ചത് ....
പെയ്‌ത്തുവെള്ളം നിറഞ്ഞ തോടുകളില്‍ കണ്ണന്‍ ചെമ്പിലകൊണ്ട് വള്ളമുണ്ടാക്കി ഒഴുക്കിവിട്ടത് ......
ചേമ്പില വള്ളങ്ങള്‍ എങ്ങും തട്ടാതെ പോകാന്‍ അവയ്ക്ക് വഴി ഒരുക്കാന്‍ തോട്ടിലൂടെ വെള്ളത്തിലൂടെ നടന്നു നീങ്ങിയത് .....
പുസ്തകങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കിഉടുപ്പിനുള്ളിലൂടെ നിക്കറിനകത്തേക്ക് പൂഴ്‌ത്തി പുസ്തകങ്ങള്‍ക്ക് സംരക്ഷണം നല്‍കിയത്...
കണ്ടത്തിന്‍ വരമ്പിലൂടെ മഴ നനഞ്ഞ് സ്കൂളിലേക്ക് പോയതും വന്നതും...
കാറ്റടിക്കുമ്പോള്‍ കുടപിടച്ച് വരമ്പിലൂടെ നടക്കുന്ന പെണ്‍കുട്ടികളുടെ പാവാടപൊങ്ങുമ്പോള്‍ കൂവിവിളിച്ച നാളുകള്‍ .....
പാവം പെണ്‍കുട്ടി പാവാടയെ അനുസരിപ്പിക്കുന്നോ കുടയെ അനുസരിപ്പിക്കുന്നോ ????അവസാനം കുടമടക്കി അവരും നനയുമ്പോള്‍ ആര്‍പ്പുവിളികള്‍....
സൌഹൃദത്തിന്റെ ആര്‍പ്പുവിളികള്‍...

പെയ്‌ത്തുവെള്ളത്തില്‍ നിറഞ്ഞൊഴുകുന്ന തോട് കടക്കാനാവാതെ മഴ തോരുന്നതുവരെ കാത്തുനിന്നത് ...
കാറ്റത്ത് ശക്തിയായി മുഖത്ത് വന്നടിക്കുന്ന മഴത്തുള്ളികള്‍ സമ്മാനിച്ച സുഖമുള്ള വേദനകള്‍ ...
അസമയത്ത് മിന്നിയ മിന്നലില്‍ പേടിച്ച് നിലവിളിച്ച് കൂട്ടുകാരെ കെട്ടിപ്പിടിച്ച് നിന്ന നാളുകള്‍ .....
പെട്ടന്ന് പെയ്യുന്ന മഴയെ ആര്‍പ്പുവിളികളോടെ സ്വീകരിച്ച നാളുകള്‍...
ഇരുണ്ട് കൂടുന്ന കാര്‍മേഘങ്ങളില്‍ ഇരുട്ട് പരക്കുമ്പോള്‍ സന്തോഷം കൊണ്ട് മതിമറന്നത് ....
കയ്യാലകളില്‍ തൂങ്ങിക്കിടക്കുന്ന മഴത്തുള്ളികള്‍പറിച്ച് കണ്ണുകളെ തണുപ്പിച്ചത്.....

മഴയത്ത് പണ്ട് നടന്ന് പാടത്തെ ചേറ്റു വരമ്പുകളിലൂടെ ഒരിക്കല്‍‌കൂടി നടക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍???....
ഇന്ന് പാടത്തെ വരമ്പുകളില്‍ മഴയത്ത് ആര്‍പ്പുവിളിക്കുന്ന കുട്ടികള്‍ ഇല്ല....
മഴ നനയാന്‍ ഇറങ്ങി നില്‍ക്കുന്നവരില്ല...
പക്ഷേ മഴ ഇപ്പോഴും പെയ്യുന്നു...
തന്റെ സൌന്ദര്യം ആരെങ്കിലും ഒക്കെകാണുന്നുണ്ടന്നവള്‍ പ്രതീക്ഷിക്കുന്നുണ്ടാവാം....
ക്യാമറക്കണ്ണുകള്‍ക്ക് ഒപ്പിയെടുക്കാവുന്നതിലുംഅപ്പുറമാണവളുടെ സൌന്ദര്യം...
കസേരയില്‍ ചാരിക്കിടന്ന് മഴ കാണുമ്പോള്‍ അവള്‍ വിളിക്കുന്നുണ്ടാവാം,അവളുടെ അടുത്തേക് ചെന്ന് അവളെ ഒന്നു തൊടാന്‍......
അവളിലേക്ക് അലിഞ്ഞു ചേരാന്‍.....
പക്ഷേ ,
അവളുടെ ക്ഷണത്തിന് മുഖം തിരിച്ച് കിടക്കേണ്ടി വരുന്നു..
അവളുടെ കുസൃതികള്‍ക്ക് ഒരു മാറ്റവും ഇല്ല.... അവളിന്നും പഴയെ പോലെയാണ്
അവള്‍ക്ക് മാറ്റം ഒന്നുംവന്നിട്ടില്ലങ്കിലും നമ്മള്‍ക്ക് മാറ്റം സംഭവിച്ചത് അവള്‍ അറിഞ്ഞിട്ടില്ലായിരിക്കുമോ?
അതോ അറിഞ്ഞിട്ടുംഅറിയാത്ത ഭാവം കാണിക്കുകയാണോ ????
അതോ അവള്‍ എല്ലാവരേയും കുട്ടികളായി കാണുന്നോ ?

തുറന്നിട്ടിരിക്കുന്ന ജനാലകളിലൂടെ അവള്‍ കാറ്റിനെ കൂട്ടുപിടിച്ച് അടുത്തേക്ക് കടന്നുവരാന്‍ നോക്കുന്നു...
ഒരിക്കലും നിത്യയൌവനംമാറാത്ത അവള്‍ കൂടുതല്‍ കൂടുതല്‍ സുന്ദരി ആവുകയല്ലേ?????

പക്ഷേ ഇന്ന്....
എഴുന്നേല്‍ക്കാതെ ജനാലയിലൂടെ നോക്കുമ്പോള്‍ പുറത്തെ മഴ എനിക്ക് കാണാം.
മഴയുടെ സംഗീതം എനിക്ക് കേള്‍ക്കാം.
പക്ഷേ മഴയുടെ സൌന്ദര്യം എനിക്ക് കാണാന്‍ കഴിയുന്നില്ല. പ്രകൃതിയുടെ വരദാനങ്ങള്‍ എല്ലാം നമ്മള്‍ നഷ്ടപ്പെടുത്തി. ചുറ്റിനുമുള്ള കോണ്‍ക്രീറ്റ് വനങ്ങള്‍ക്കിടയില്‍ മഴയ്ക്കെന്ത്  സൌന്ദര്യം??. ഞാന്‍ എഴുന്നേറ്റ് ജനാലയ്ക്ക്ല്‍ ചെന്നു നി്ന്നു.അടയ്ക്കാന്‍ മറന്ന ജനല്‍പ്പാളികളിലൂടെ ചിതറിത്തെറിച്ചെത്തിയ മഴത്തുള്ളികള്‍ മുഖത്തേക്ക് വീണപ്പോള്‍ ഞാനൊരു സ്വപ്നലോകത്തായിരുന്നോ?  ആരോടോ മത്സരിക്കാന്‍ വീശിയടിച്ച കാറ്റ് മഴത്തുള്ളികള്‍ കൊണ്ട് എന്ന് വരിഞ്ഞുമുറുക്കി. നിശബ്ദ്ദതയില്‍ മഴയുടെ സംഗീതം മാത്രം...
എന്റെ മുന്നില്‍ മഴമാത്രം..
മഴയുടെ സൌന്ദര്യം....
ഒരു സ്വപ്നലോകത്തേക്ക് ഞാന്‍ പോവുകയാണ് ......
നിശബ്ദ്ദതയില്‍ മഴയുടെ സംഗീതം മാത്രം...
ആ സംഗീതത്തില്‍ അലഞ്ഞുചേരുമ്പോള്‍ മിന്നലിന്റെ വെള്ളിവെളിച്ചത്തില്‍ ഒരു മാലാഖയെപ്പോലെ ആകാശത്ത് നിന്ന് ഇറങ്ങി അവള്‍ എന്റെ അടുക്കലേക്ക് വന്നു.
അവളെനിക്കാരാണ്?
അവളെന്നെ തേടിവന്നതെന്തിനാണ് ?? .
മഴ പെയ്യാത്ത ഏതോ ദേവലോകത്ത് വന്ന, മഴയുടെ സൌന്ദര്യം ആസ്വദിക്കാന്‍ എത്തിയ ദേവതയായിരിക്കാം അവള്‍.
അതോ ഞാന്‍ കാണുന്ന സ്വപ്നത്തില്‍ നിന്ന് ഇറങ്ങി വന്ന ദേവ കന്യകയോ??  .
കൈതപ്പൂവിന്റെയോ പാലപ്പൂവിന്റെയോ കാപ്പിപ്പൂവിന്റെയോ മണമായിരുന്നു അവള്‍ക്ക്.
അവളുടെ സുഗന്ധം എനിക്ക് വേര്‍തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
മഴയിലേക്ക് അവളെന്നെ വിളിക്കുന്നു. .ഞങ്ങള്‍ പതിയെ മഴയിലേക്ക് ഇറങ്ങി.....
ഇനി സ്വപ്നങ്ങളുടെ മഴക്കാലം ......
ഇനി സ്വപ്നങ്ങളുടെ പെരുമഴക്കാലം ...
പെയ്തൊഴിയാന്‍ മടിക്കുന്ന മഴമേഘങ്ങളുടെ രുദ്രതാളത്തിന്റെ ജീവതാളം....
സ്വപ്നങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന മഴക്കാലം...
 ഈ മഴയില്‍ അലിഞ്ഞു ചേരുന്നു.....
ഭൂതകാലവും വര്‍ത്തമാനകാലവും തിരിച്ചറിയാനാവാത്ത അതിര്‍ രേഖകളില്‍ ഞാനെന്റെ മനസിനെ നിര്‍ത്താന്‍ ശ്രമിക്കുകയാണ് ....
ഭൂതകാലത്തിലെ ആ മഴക്കാലത്തേക്ക് പോകാന്‍ ഞാനെന്താണ് ചെയ്യേണ്ടത്???
അറിയില്ല.....
പക്ഷേ ഈ മഴയെ ഞാന്‍ ഇപ്പോഴും പ്രണയിക്കുന്നു..
അവളില്‍ ചേര്‍ന്നലിയാല്‍ ഞാന്‍  ഇപ്പോഴും കൊതിക്കുന്നു.....
മഴ....മഴ..മഴ.....മഴ....
പ്രണയിക്കുന്നവര്‍ക്കും വിരഹത്തില്‍ ഇരിക്കുന്നവര്‍ക്കും പ്രതീക്ഷ നല്‍കുന്ന മഴ.....
മഴ ജീവതാളം ആകുമ്പോള്‍ ഞാനും മഴയുടെ ഭാഗമാകുന്നു.....
ഈ മഴയില്‍ ഞാനും അലിഞ്ഞ് ചേരുന്നു.....

Sunday, May 22, 2011

നമ്മള്‍ ഉയര്‍ത്തുന്ന മതില്‍‌ക്കെട്ടുകള്‍

വിശാലമായ വളപ്പില്‍ വലിയ ഒരു വീട്. അവിടേക്ക് ഒരു മനുഷ്യനും കടന്ന് ചെല്ലാതിരിക്കാന്‍ രണ്ടാള്‍ പൊക്കത്തില്‍ ഒരു മതിലും കൂറ്റന്‍ ഒരു ഗെയ്‌റ്റും. ആരും മതില്‍ ചാടി അവിടേക്ക് കടന്നു ചെല്ലാതിരിക്കാന്‍ ആ മതിലുനു മുകളില്‍ ആണികളും കുപ്പിച്ചില്ലുകളും പാകിയിരിക്കുന്നു. ആര്‍ക്കും ആ വീട്ടിലേക്ക് അനുവാദം കൂടാതെ പ്രവേശനം ഇല്ല. വലിയ മതിലുകളില്‍ തന്നെ ആവണമെന്നില്ല ഈ ആണി,കുപ്പിച്ചില്ല് പ്രയോഗങ്ങള്‍. നമ്മുടെ തോളറ്റം പൊക്കമുള്ള മതിലുകളില്‍ പോലും ആണി, കുപ്പിച്ചില്ല് പ്രയോഗങ്ങള്‍ കണ്ടിട്ടൂണ്ട്. അറിയാതെ ആ മതിലുകളുടെ മുകളില്‍ കൈകള്‍ വെച്ചാല്‍ കൈ കീറും. ഇതുപോലെ തന്നെയാണ് നമ്മളും. നമ്മളും നമുക്ക് ചുറ്റും ഓരോരോ മതില്‍ കെട്ടിപൊക്കിയിട്ടൂണ്ട്. ആര്‍ക്കും കടന്നു വരാനാവത്ത മതിലുകള്‍. നമ്മള്‍ സ്വയം നിര്‍മ്മിച്ച മതിലുകള്‍ക്കുള്ളില്‍ ശ്വാസം മുട്ടി മരിക്കേണ്ടിവരുമെന്ന് അറിയാതെയാണോ നമ്മള്‍ ഈ മതിലുകള്‍ കെട്ടിപൊക്കുന്നത് ????

ലിംഗവെത്യാസം എന്ന മതില്‍ക്കെട്ട്
നമ്മള്‍ നമ്മുടെ മക്കളില്‍ ആദ്യം പണിതുകൊടുക്കുന്ന മതിലാണ് ലിംഗവെത്യാസം. ഒരാണും പെണ്ണും കൂടി സംസാരിക്കുന്നതും , ഒരുമിച്ച് യാത്ര ചെയ്യുന്നതോ ഒക്കെ വലിയ തെറ്റാണ് എന്നുള്ള ധാരണ അറിഞ്ഞോ അറിയാതയോ നമ്മള്‍ നമ്മുടെ കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു. കുട്ടികള്‍ വളരുന്നതോടൊപ്പം അവരുടെ മേലുള്ള നിയന്ത്രണങ്ങളും വര്‍ദ്ധിപ്പിക്കുന്നു. അവരുടെ മനസിനെ സ്പ്രിംങ്ങ് അമര്‍ത്തും പോലെ നമ്മള്‍ അമര്‍ത്തി നിയന്ത്രിക്കുന്നു. അവസാനം കൈ ഒന്ന് അയയുമ്പോള്‍ സ്പ്രിംങ്ങ് തെറിച്ച് പോകുന്നതുപോലെ കുട്ടികളും നീയന്ത്രണത്തില്‍ നിന്ന് പുറത്തേക്ക് പോകുന്നു. തെറ്റുകളും ശരികളും മനസിലാക്കി നല്‍കുന്നതിനു പകരം അവരുടെ ഉള്ളില്‍ ലിംഗവെത്യാസം എന്ന മതില്‍ക്കെട്ട് പണിത് ഉയര്‍ത്താനാണ് കുടുംബവും സമൂഹവും ശ്രമിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും അതേ മാര്‍ഗ്ഗം പിന്തുടരുന്നു.

ഞാന്‍ പഠിച്ച കോളേജില്‍ ക്യാമ്പസിനുള്ളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് നടകുകയോ സംസാരിക്കു കയോ ചെയ്യാന്‍ പാടിലായിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് സംസാരിച്ച് നടക്കുന്നത് കണ്ടാലുടനെ സെക്യൂരിറ്റി വിസിലടിക്കും. ഇത്തരം നിയന്ത്രണങ്ങള്‍ അറിഞ്ഞു കൊണ്ടു തന്നെ തങ്ങളുടെ കുട്ടികളെ ഇവിടെ ചേര്‍ക്കുന്നവര്‍ ഉണ്ട്. (ഞങ്ങളൊക്കേ ഇതൊക്കെ അറിയാതെ ചെന്നവരായിരുന്നു). പക്ഷെ ഈ നിയന്ത്രണം ക്യാമ്പസിനുള്ളില്‍ മാത്രമേ ഉള്ളൂ. ക്യാമ്പസിന്റെ മതില്‍ക്കെട്ട് കടന്നാല്‍ അകത്തെ നിയന്ത്രണങ്ങള്‍ എത്രയും അധികം ലംഘിക്കാന്‍ പറ്റുമോ അത് ചെയ്യാന്‍ ചിലര്‍ ശ്രമിക്കും. ആരോടെയൊക്കയോ ഉള്ള പ്രതികാരം തീര്‍ക്കാനായി.

വിദ്യാഭ്യാസ രംഗത്ത് മാത്രമാണ് ഈ ലിംഗവെത്യാസത്തിന്റെ മതില്‍‌ക്കെട്ടുകള്‍ ഉള്‍ലതെന്ന് കരുതിയാല്‍ തെറ്റി. തൊഴില്‍ ഇടങ്ങളിലും എന്തിന് കുടുംബങ്ങളില്‍ പോലും ഈ മതില്‍ക്കെട്ടുകള്‍ ഉയര്‍ന്നിട്ടുണ്ട്.

മതത്തിന്റെ മതില്‍ക്കെട്ടുകള്‍
സമ്പൂര്‍ണ്ണ സാക്ഷരത നേടിയ സംസ്ഥാനം, ഉന്നത വിദ്യാഭ്യാസം ആര്‍ജിച്ച ആള്‍ക്കാരുടെ എണ്ണം കൂടുതലുള്ള സംസ്ഥാനം എന്നൊക്കെ കേരളത്തെ വിശേഷിപ്പിക്കുന്നതില്‍ ഓരോ മലയാളിയും അഭിമാനിക്കുന്നുണ്ടങ്കിലും മനുഷ്യര്‍ ഇപ്പോഴും മതത്തിന്റെ മതില്‍‌കെട്ടിനുള്ളില്‍ ശ്വാസം കിട്ടാതെ വിഷമിക്കുകയാണ്. മതത്തിന്റേയും സമുദായത്തിന്റേയും ഉപസമുദായത്തിന്റേയും ഒക്കെ പേരില്‍ ജനങ്ങളേ വര്‍ഗ്ഗീകരിച്ച് മുതലെടുക്കുന്നവരെ മനസിലാക്കാന്‍ ഇപ്പോഴും നമുക്ക് കഴിയുന്നില്ല. ജന്മം കൊണ്ട് തങ്ങള്‍ക്ക് ലഭിച്ച ജാതി,സമുദായത്തിന്റെ ലേബല്‍ ചിലരെ വേട്ടയാടുകയും ചിലരുടെ ജീവിതം ദുഷ്ക്കരമാക്കുകയും ചിലര്‍ക്ക് അത് ജീവനത്തിനുള്ള അതിജീവനം ആവുകയും ചെയ്യുന്നു. മതത്തിന്റെയ്യും സമുദായത്തിന്റേയും പേരില്‍ ലഭിക്കുന്ന സംവരണം നിനനില്‍ക്കുന്ന കാലത്തോളം മതത്തിന്റെ വേലിക്കെട്ടുകളുടെ നിര്‍മ്മാണത്തിന് ബലം കൂടുകയേ ചെയ്യുകയുള്ളൂ എന്ന് നിസംശയം പറയാന്‍ കഴിയും.

മതത്തിന്റെ പേരില്‍ ഒരു ജനതയെ വിഭജിച്ചുകൊണ്ടുള്ള സ്വാതന്ത്ര്യ സമര വിജയത്തോടെ നമുക്ക് ലഭിച്ചത് മത വേലിക്കെട്ടുകള്‍ നിര്‍മ്മിച്ചുകൊണ്ട് ഒരു ജനതയെ എങ്ങനെ നശിപ്പിക്കാം എന്നുള്ളതിന്റെ പരീക്ഷണ ഫലമായിരുന്നു. പിന്നീട് രാഷ്ട്രീയമായ വിജയം നേടാനും വിജയം നിലനിര്‍ത്താനും ഈ മതവേലിക്കെട്ടുകള്‍ ഒരേ സമയം രാഷ്ട്രീയക്കാരും മത നേതാക്കളും ഉപയോഗിച്ചു വിജയം നേടുന്നു.

കുട്ടികളെ മതത്തിന്റെ പേരില്‍ വേര്‍തിരിച്ച് മതിലുകള്‍ കെട്ടി ഉയര്‍ത്താന്‍ പലരുംശ്രമിക്കൂകയാണ്. തങ്ങളുടെ സമുദായത്തിലെ കുട്ടികളെ സമുദായ സ്കൂളില്‍ മാത്രമെ പഠിപ്പിക്കാവൂ എന്ന രീതിയിലുള്ള ഇടയലേഖനം ഇറക്കാന്‍തക്കവണ്ണമുള്ള മാനസികവിഭ്രാന്തിയിലേക്ക് കേരളസമൂഹം തരംതാണിരിക്കൂകയാണോ ഇപ്പോള്‍ ??????? മനുഷ്യരെ എല്ലാവരേയും ഒരേപോലെ കാണാതെ സമുദായാടിസ്ഥാനത്തില്‍ മാത്രം ‘സഹോദരങ്ങളെ’ തിരിച്ചറിയുന്നതുമാത്രമാണോ വിദ്യാഭ്യാസം ?????


രാഷ്ട്രീയത്തിന്റെ മതില്‍‌കെട്ടുകള്‍ 
പാര്‍ട്ടി ഗ്രാമങ്ങളും പാര്‍ട്ടി വിലക്കുകളും ഒക്കെ ഇന്ന് ചില സ്ഥലങ്ങളില്‍ നിലനില്‍ക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതമാണോ ഞെട്ടലാണോ നമുക്ക് തോന്നുന്നത്.? രാഷ്ട്രീയ വിശ്വാസങ്ങളുടെ പേരില്‍ മനുഷ്യരെ കൊന്നൊടുക്കുന്നതിനെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയുന്നു? എന്തിനാണ് രാഷ്ട്രീയത്തിന്റെ പേരിലും മനുഷ്യരെ അകറ്റി നിര്‍ത്തുന്നത്? ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നു എന്നതുകൊണ്ട് അയാള്‍ വെറുക്കപെടേണ്ടവനല്ല. ആശയങ്ങളുടെ പേരില്‍ സംഘടനം ഉണ്ടാകുമ്പോള്‍ അതിന്റെ അവസാനം രക്തം ചൊരിയലല്ല. വോട്ട് രാഷ്ട്രീയത്തിനു വേണ്ടി രാഷ്ട്രീയ നേതാക്കള്‍ തങ്ങളുടെ അണികള്‍ക്കും/തങ്ങളെ വിശ്വസിക്കുന്നവര്‍ക്കും ചുറ്റും ഒരു വേലി കെട്ടിയിരിക്കുന്നു. ആ വേലി കടന്നു പോകാന്‍ അവര്‍ക്ക് കഴിയുന്നുമില്ല.

വീടും മതില്‍ക്കെട്ടും
വലിയ ഒരു ഇരുനില വീട്. അതിനു വലിയ ഒരു മതില്‍. വീടിനകത്ത് പുറം‌ലോകവുമായി ഒരു ബന്ധവും ഇല്ലാതെ കഴിയുന്ന വൃദ്ധ ദമ്പതികള്‍. അവിടേക്കും ബന്ധുക്കളാരും ചെല്ലില്ല. ഇനി ചെന്നാല്‍ തന്നെ ആ വൃദ്ധര്‍ അവരോട് അടുപ്പവും കാട്ടില്ല. പട്ടിണി മരണമോ അപകട മരണമോ ഉണ്ടാകുമ്പോള്‍ ആ വലിയ വീട് വാര്‍ത്തകളില്‍ നിറയുന്നു. ഇങ്ങനെയുള്ള ചില വാര്‍ത്തകള്‍ നമ്മള്‍ ഇടയ്ക്കിടയ്ക്ക് വായിക്കാറൂണ്ട്. ഈ വാര്‍ത്തകള്‍ ഇപ്പോള്‍ നമ്മുടെ ഉള്ളിലൊരു നൊമ്പരവും ഉണര്‍ത്താറില്ല. മനുഷ്യ ബന്ധങ്ങളില്‍ പോലും നമ്മള്‍ വേലികെട്ടികഴിഞ്ജിരിക്കുന്നു. ഒരു പക്ഷെ സമ്പത്തിന്റെ അന്തരം ആയിരിക്കാം ആ വീടുകളില്‍ താമസിക്കുന്നവരെ മറ്റുള്ളവരില്‍ നിന്ന് അകറ്റുന്നത്. അല്ലങ്കില്‍ അവര്‍ തങ്ങളുടെ സ്വത്ത് തട്ടിയെടുക്കുമെന്നുള്ള ഭയം. ലക്ഷ പ്രഭു,കോടിപതി ഭിക്ഷക്കാരനെപ്പോലെ വഴി വക്കില്‍, വീട്ടില്‍ നോക്കാന്‍ ആളില്ലാതെ പുഴുവരിച്ചു കിടക്കുന്നു എന്നൊക്കെ ഉള്ള വാര്‍ത്തകള്‍ നമുക്ക് പുതുമ അല്ലാതായി തീര്‍ന്നിരിക്കുന്നു.

കെട്ടിയുയര്‍ത്തുന്ന മതിലുകള്‍ നമ്മള്‍ മലയാളികള്‍ നമ്മുടെ ഹൃദയങ്ങളിലേക്കുംകൊണ്ടുവന്നു കഴിഞ്ഞു. ഇല്ലായ്‌മകളിലെ കൊടുക്കല്‍ വാങ്ങലുകളീലൂടെ വളര്‍ന്ന നമ്മുടെ ‘ഓള്‍ഡ് ജനറേക്ഷന്‍ ‘ ഇന്ന് ‘ന്യൂ ജനറേക്ഷന് ‘വഴിമാറുമ്പോള്‍ എന്തുകൊണ്ടാണ് നമ്മുടെ ഇന്നത്തെ കേരളസമൂഹത്തിലെ മധ്യവര്‍ഗ്ഗസമൂഹത്തില്‍ ആത്മഹത്യകള്‍ കൂടുന്നതന്ന് നിങ്ങള്‍ചിന്തിച്ചിട്ടുണ്ടോ ?? ഏത് വഴി ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചാലും കിട്ടുന്ന ഉത്തരം ഒന്നു‌തന്നെയാണ്. മനുഷ്യമനസുകളില്‍ സ്വയം കെട്ടിഉയര്‍ത്തിയ മതില്‍‌കെട്ടുകള്‍ !!!!!!!!!!!!!!! ആരേയും ഉള്ളിലേക്ക് കടത്തിവിടാതെ ‘സ്വയം’ അഥവാ ‘ഞാന്‍’ എന്ന് ചിന്തയില്‍ കെട്ടുന്ന മതില്‍കെട്ടില്‍ശ്വാസം മുട്ടി മരിക്കുകയല്ലേ മലയാളികള്‍ ......

കൂട്ടു‌കുടുംബത്തില്‍ നിന്ന് അണുകുടുംബത്തിലേക്ക് മാറിയപ്പോള്‍ വിശാലമായ അകത്തളങ്ങളില്‍ നിന്ന് നമ്മള്‍ കയറിക്കൂടിയത് മതില്‍‌കെട്ടുകളില്‍ഒളിപ്പിക്കാന്‍ ശ്രമിക്കുന്ന ഇല്ലായ്‌മ,വല്ലായ്‌മകളിലേക്കും ആണ്. മനസുകള്‍ ചുരുങ്ങിയപ്പോള്‍ നഷ്ടപ്പെട്ടുപോയ ഹൃദയം മറ്റുള്ളവര്‍ കാണാതിരിക്കാന്‍വേണ്ടിയാണോ നമ്മള്‍ വലിയ മതിലുകള്‍ പണിയാന്‍ തുടങ്ങിയത്. തങ്ങളുടെ വസ്തുവകകള്‍ സംരക്ഷിക്കുക എന്നതില്‍ ഉപരി തങ്ങളുടെ താമസസ്ഥലത്തേക്ക് ആരും കയറി‌വരരുത് എന്നുള്ള ഒരൊറ്റ ലക്ഷ്യത്തില്‍ അധിഷ്ഠിതമായിട്ടാണ് ഈ മതില്‍‌കെട്ടുകള്‍. ഉയര്‍ത്തുന്ന മതിലുകളില്‍ ഞെരിഞ്ഞമരുന്നത് ‘സ്വയം‘ ആണന്നുള്ള ചിന്തകള്‍ വരുമ്പോഴേക്കും ജീവിതം ജീവിതമതില്‍‌കെട്ടിനു പുറത്തായിരിക്കും. കെട്ടിഉയര്‍ത്തുന്ന മതിലുകളും,കെട്ടിയടയ്ക്കപ്പെടുന്ന വഴികളും ,മാന്തുന്ന അതിരുകളും നമ്മുടെ ഇന്നത്തെ ജീവിതത്തിന്റെ ഭാഗമായി തീര്‍ന്നിരിക്കുകയാണ്. ‘ന്യൂ ജനറേക്ഷന്‍’ ഇന്ന്‘ഓള്‍ഡ് ജനറേക്ഷനെ ‘ കെട്ടിയുയര്‍ത്തുന്ന മതില്‍ക്കെട്ടുകള്‍ക്കുള്ളിലെ തടവുകാരാക്കി കഴിഞ്ഞു. ഇങ്ങനെ തീര്‍ക്കുന്ന തടവറകള്‍ ഒരു സാമൂഹികവിപത്തായി മാറിയതുകൊണ്ട് സര്‍ക്കാരുകള്‍ പോലും നിയമനിര്‍മ്മാണത്തിന് തയ്യാറാകുന്നത്. വൃദ്ധരായ മാതാപിതാക്കളെ വേണ്ട‌രീതിയില്‍സംരക്ഷിക്കാത്ത മക്കള്‍ക്ക് എതിരെ നിയമനിര്‍മ്മാണം നടത്താന്‍ നമ്മുടെ നിയമനിര്‍മ്മാണ സഭകള്‍ തയ്യാറെടുക്കുകയാണന്ന് കേട്ട് ഞെട്ടുന്നതിനുമുമ്പ് ഒന്നുകൂടി അറിയുക. ഇന്ന് ഏറ്റവും കൂടുതല്‍ വൃദ്ധസദനങ്ങള്‍ ഉള്ളത് സാക്ഷരതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന, വിദ്യാസമ്പന്നര്‍ എന്ന് സ്വയം അഭിമാനിക്കുന്ന മലയാളികളുടെ, ദൈവത്തിന്റെ സ്വന്തം നാട്ടിലാണ്. ഇത്ല് നമുക്ക് ഒരുമിച്ച് അഭിമാനിക്കാം. സര്‍ക്കാര്‍‌പോലും വൃദ്ധസദനങ്ങള്‍തുടങ്ങാന്‍ പോവുകയാണ്. (സാമ്പത്തിക പ്രതിസന്ധി എല്ലാ ബിസിനസ് മേഖലകളീലും ബാധിച്ചുവെങ്കിലും ‘വൃദ്ധസദന‘ ബിസിനസ്സിന്റെഏഴയലോക്കത്ത് പോലും സാമ്പത്തിക പ്രതിസന്ധി എത്തിയിട്ടില്ല.). 

മനുഷ്യരുടെ ഉള്ളില്‍ നമ്മള്‍ കെട്ടി ഉയര്‍ത്തുന്നമതിലുകള്‍ പൊളിച്ചുകളഞ്ഞ്  നമ്മള്‍ ഇനിയെന്നാണ് നല്ല മനുഷ്യരായി തീരുന്നത് ???????? അതിനു നമുക്ക് സാധിക്കുമോ??

Friday, May 20, 2011

അറിയിപ്പ്

ഓരോ ബ്ലോഗും ഓരോരോ വട്ടത്തരമാണ്. ഓരോ പ്രാവിശ്യം മാനസികാവസ്ഥ മാറുന്നതിന് അനുസരിച്ച് അത് മാറിക്കൊണ്ടിരിക്കും... അങ്ങനെ മാറി മാറിയാണ് പത്ത് പന്ത്രണ്ട് ബ്ലോഗുകളായത്. ഓരോരോ അവസ്ഥയ്ക്കും എഴുതാന്‍ ഓരോരോ ബ്ലോഗുകള്‍. ബ്ലോഗ് തുടങ്ങുമ്പോള്‍ എന്താ ബ്ലോഗ് എന്താ ഡാഷ് ബോര്‍ഡ് എന്നൊന്നും അറിയില്ലായിരുന്നു. അതുകൊണ്ട് നല്ല ബ്ലോഗ് അഡ്രസുകള്‍ക്ക് പകരം ഇപ്പോഴും എന്തെങ്കിലും ഒക്കെ പോസ്റ്റുന്ന എന്റെ ബ്ലോഗിന്റെ അഡ്രസുകള്‍ shibu1, smeaso , shibupta46 എന്നൊക്കെയായിപ്പോയി.

എന്തിനാ നമ്മള്‍ ഒത്തിരി കാര്യങ്ങള്‍ പറഞ്ഞ സമയം കളയുന്നത് . കാര്യം അങ്ങ് പറഞ്ഞേക്കാം
http://thekkedan.blogspot.com/ എന്ന ബ്ലോഗ് അഡ്രസില്‍ നാട്ടുവര്‍ത്തമാനം എന്ന പേരിലുള്ള ബ്ലോഗിന്റെ പേര് പറയാന്‍ മറന്നവ.... എന്നാക്കി മാറ്റി. നാട്ടൂ വര്‍ത്തമാനം എന്നതിനു മുമ്പ് വേറെ എന്തോ പേരായിരുന്നു http://thekkedan.blogspot.com/ എന്ന ബ്ലോഗ് അഡ്രസില്‍ ഉണ്ടായിരുന്ന ബ്ലോഗില്‍.

പുതിയതായി എഴുതാന്‍ ഉദ്ദേശിക്കുന്നത് നമ്മുടെ സമൂഹത്തെക്കുറിച്ചാണ്. എനിക്ക് സമൂഹത്തോട് പറയാന്‍ ഉള്ള കാര്യങ്ങള്‍. തൊന്തരവ് , കഥകള്‍ , കുഞ്ഞിക്കഥകള്‍ എന്നിവയിലൊന്നും ഇത് പോസ്റ്റാന്‍ ഒക്കില്ല. തൊന്തരവ് , കഥകള്‍ എന്നീ ബ്ലോഗുകളുടെ പേര് മാറ്റാനും , പുതിയ ഒരു ബ്ലോഗ് കൂടി തുടങ്ങാനും മടി. നമുക്ക് ബ്ലോഗ് ഉണ്ടാക്കാന്‍ സമ്മതം തന്നു എന്നു പറഞ്ഞ് ഗൂഗിളിനെ അങ്ങനെയങ്ങ് കഷ്ടപ്പെടുത്തുന്നത് ശരിയല്ലല്ലോ? മാത്രവുമല്ല ഇവന് പന്ത്രണ്ട് ബ്ലോഗുണ്ടായിട്ടും അവന്‍ വീണ്ടും പുതിയ ബ്ലോഗ് തുടങ്ങി, അവന്റെ ഒരു അഹങ്കാരം എന്ന് നാട്ടാരെകൊണ്ട് പറയിപ്പിക്കുന്നതും ശരിയല്ലല്ലോ അതുകൊണ്ടാണ് പഴയ ബ്ലോഗ് അഡ്രസില്‍ പുതിയ പേരില്‍ ബ്ലോഗ് തുടരാം എന്ന് കരുതിയത്. ഏതയാലും പഴയ ബ്ലോഗു പോസ്റ്റുകള്‍ ഒന്നും ഡിലീറ്റ് ചെയ്യാന്‍ താല്‌പര്യവും ഇല്ല. അതുകൊണ്ട് നാട്ടുവര്‍ത്തമാനത്തിന്റെ തുടര്‍ച്ചയായിട്ടായിരിക്കും പറയാന്‍ മറന്നവ .

ബ്ലോഗ് മരിക്കുന്നേ മരിക്കുന്നേ എന്ന് എല്ലാവരും കൂടി നിലവിളിക്കുമ്പോള്‍, ആ നിലവിളി കേള്‍ക്കുമ്പോള്‍ എനിക്കും ആ മരണത്തില്‍ പങ്കുണ്ടന്ന് തോന്നുന്നു. അതുകൊണ്ട് പറയാന്‍ മറന്നവ എന്ന് ഈ ബ്ലോഗില്‍ ആഴ്ചയില്‍ ഒരു പോസ്റ്റെങ്കിലും ഉണ്ടാവും. അത് മിക്കവാറും ഞായറാഴ്ച വൈകുന്നേരം ആയിരിക്കും പോസ്റ്റ് ചെയ്യുന്നത്....

ഇത്രയും കാലം (2007 മുതല്‍ ബ്ലോഗിന്റെ പിന്നാമ്പുറത്തൊക്കെയായി നമ്മളുണ്ട്) നിങ്ങള്‍ നല്‍കിയ സഹകരണം വീണ്ടൂം ഉണ്ടാവും എന്ന ഉറപ്പില്‍ നാട്ടുവര്‍ത്തമാനത്തെ പറയാന്‍ മറന്നവ  എന്നാക്കിമാറ്റിയതായി പ്രഖ്യാപിക്കുന്നു......

ഇവനായിരുന്നു ഇതിനു മുമ്പുള്ള തല
ഇന്ന് മുതല്‍ ഈ ബ്ലോഗിന്റെ തല ഇങ്ങനെ ആയിരിക്കും