Saturday, January 24, 2009

Heavenly Journey of Philiposr Mar Eusebius:


ഓര്‍ത്തഡോക്സ് സഭയുടെ തുമ്പമണ ഭദ്രാസനാധിപന്‍ ആയിരുന്ന ഫിലിപ്പോസ് മാര്‍ യൌസേബിയോസ് തിരുമേനിയുടെ കബറടക്ക ശുശ്രൂഷയുടെ (നഗരികാണിക്കല്‍ വരെ) ഫോട്ടോകള്‍ http://www.bursoumachurch.com/ എന്ന സൈറ്റില്‍ ലഭ്യമാണ്.

Sunday, January 18, 2009

ഒരു ഗള്‍ഫുകാരന്റെ ഇറങ്ങിപ്പോക്ക് (വീട്ടില്‍ നിന്ന് ) :

ഒരു ഗള്‍‌ഫുകാരന് സമൂഹത്തിലുള്ള സ്ഥാനം എന്താണ് ? പണം കായ്ക്കുന്ന മരം എന്നാണ് സാമാന്യ രീതിയിലുള്ള ഉത്തരം. നാട്ടില്‍പണത്തിനാവിശ്യമുള്ളപ്പോള്‍ വീട്ടുകാരും നാട്ടുകാരും ക്ലബുകാരും അമ്പലക്കാരും പള്ളിക്കാരും ചെന്ന് ആ മരത്തില്‍ കുലുക്കും. അപ്പോഴെക്കെ ആവിശ്യത്തിലധികം പണം ആ മരത്തില്‍ നിന്ന് വീണോളണം. അങ്ങനെ വീണില്ലങ്കില്‍ ആ മരത്തിന്റെ സ്ഥാനം എന്താണന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാമല്ലോ ? (നമ്മുടെ നാട്ടിലെ ഒരു ശരാശരി ഗള്‍ഫുകാരന്റെ അവസ്ഥയാണിത് ) ... നാട്ടിലേക്ക് പ്രതീക്ഷകളോടെ ഓടിയെത്തുന്നവന്റെ മനസിലേക്ക് ശാപങ്ങളുടെ ഭാണ്ഡകെട്ട് അഴിച്ചിട്ടാല്‍അവന്റെ മാനസികാവസ്ഥ എന്തായിരിക്കൂം... തന്റെ ഇല്ലായ്മകളിലും വല്ലായ്മകളിലും തനിക്ക് താങ്ങായും തണലായും നില്‍ക്കേണ്ടഭാര്യയും കുഞ്ഞുങ്ങളും കുത്തുവാക്കുകള്‍ കൊണ്ട് മുറിവേല്‍‌പ്പിച്ചാല്‍ അവനെന്ത് ചെയ്യും ????

നാട്ടില്‍ ഒരു കൊച്ചു തയ്യല്‍ക്കടയുമായി ജീവിതം തുടങ്ങിയ അയാളിലേക്ക് പ്രണയത്തിന്റെ ഇളംകാറ്റ് വീശിയത് എപ്പോഴായിരിക്കും ? തന്റെ കടയുടെ മുന്നിലൂടെ എന്നും ടൈപ്പടിക്കാന്‍ പോകുന്ന അവളെ എന്നു‌മുതലായിരിക്കും അയാള്‍ ശ്രദ്ധിച്ചു തുടങ്ങിയത് ? ഒളിക്കണ്ണാല്‍ തുടങ്ങിയ നോട്ടം പ്രണയത്തിനു വഴിമാറി. അല്പം കോളിളക്കങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് അവരുടെ വിവാഹം നടന്നു. പ്രണയത്തിന്റെ പ്രകാശത്തിനു പിന്നിലെ ജീവിതത്തിന്റെ ഇരുട്ട് അവരിലും കടന്നുവന്നു. തയ്യല്‍ക്കടയിലെ വരുമാനം കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുകയില്ലന്നുള്ള തിരിച്ചറിവില്‍ എങ്ങനെയെങ്കിലും
ഗള്‍ഫിലേക്ക് പോകണമെന്നുള്ള ആഗ്രഹം അയാളിലുണ്ടായി. രണ്ടു പെണ്‍കുട്ടികള്‍ ജനിച്ചകഴിഞ്ഞ പ്പോഴേക്കും എത്രയും പെട്ടന്ന് മറ്റൊരു ജോലിയിലേക്ക് തിരിയാന്‍ തന്നെ അയാള്‍ ആഗ്രഹിച്ചു. ആരോ അയാള്‍ക്കൊരു വിസ നല്‍കി. പ്രതീക്ഷകളോടെ അയാള്‍ ഗള്‍ഫിലേക്ക് യാത്രതിരിച്ചു .( ഗള്‍ഫിലേക്ക് പോകുന്നതിനു മുമ്പ് ‘നല്ല ടാങ്ക് ‘ എന്നൊരു പേര് അയാള്‍ സമ്പാദിച്ചിരുന്നു.).

പത്തുപതിനഞ്ച് വര്‍ഷത്തെ ഗള്‍ഫ് വാസംകൊണ്ട് അയാളൊരു വീട് വച്ചു. തേച്ചതല്ലങ്കിലും അയാളുടെ ഭാര്യയും മക്കളും അതിലേക്ക് മാറി. രണ്ടു വര്‍ഷത്തിനുമുമ്പായിരുന്നു ഈ വീടുമാറ്റം. അയാളുടെ മൂത്തമകള്‍ നേഴ്‌സിങ്ങ് പഠിച്ചിറങ്ങി. ഇളയ മകള്‍പ്ലസ്ടു വിന് പഠിക്കുന്നു. (ഒന്നു പറഞ്ഞോട്ടെ, അമ്മയും മക്കളും കഴിവതും ഓട്ടോയിലേ സഞ്ചിരിക്കാറുള്ളു. മക്കള്‍ രണ്ടു പേരും
‘പരിഷ്‌കാരി‘കള്‍ ആണന്ന് നാട്ടുകാര്‍ പറഞ്ഞു തുടങ്ങി. ഈ പരിഷ്‌കാരത്തില്‍ പലതും ഉണ്ടന്ന് കൂട്ടിക്കോളൂ ). മൂത്തമകള്‍ക്ക് പഠിച്ചിറങ്ങിക്കഴിഞ്ഞ ഉടനെ വിദേശത്ത് പോകണം. “നാട്ടിലെ ഏതെങ്കിലും ആശുപത്രിയില്‍ കുറച്ചുനാള്‍ നിന്നിട്ട് വിദേശത്തേക്ക് പോയാല്‍ പോരെ എന്ന് കുടുംബക്കാര്‍ ചോദിച്ചു എങ്കിലും അമ്മയും മകളും അത് കേട്ടില്ല.” .വിദേശത്തേക്ക്
പോകാന്‍ ഒരു സ്റ്റുഡന്റ് വിസ മകള്‍ ഒപ്പിച്ചെടുത്തു. ( വിസ സ്റ്റുഡന്റ് വിസ ആണന്ന് കുടുംബക്കാര്‍ അറിയുന്നത് പെണ്ണ് പോകുന്നതിന്റെ തലേന്നാണ് ). വിസ ശരിയാകണമെങ്കില്‍ ബാങ്കില്‍ ബാലസ് വേണം . അമ്മയും മകളും അതിനും വഴി കണ്ടെത്തി. വീട് വില്‍ക്കുക ... അവര്‍ വീടും വിറ്റു. അയാള്‍ ആ വീട്ടില്‍ ഒരു ദിവസം പോലും കിടന്നുറങ്ങിയിട്ടില്ലായിരുന്നു.ഇളയമകള്‍ സ്കൂളിലെ അച്ചടക്കം ലംഘിച്ചതിന് സ്കൂളില്‍ നിന്ന് പുറത്താകും എന്ന സ്ഥിതി എത്തുകയും , അമ്മയുടെ കരച്ചിലിനു
മുന്നില്‍ ഒരുവട്ടം കൂടി ക്ഷമിക്കാന്‍ സ്കൂളുകാര്‍ തയ്യാറായി.

കഴിഞ്ഞ ക്രിസ്തുമസിന് അയാള്‍ നാട്ടിലെത്തി . എന്നും വൈകിട്ട് അയാള്‍ തനിക്ക് താമസിക്കാന്‍ വിധിയില്ലാത്ത ‘തന്റെ വീട് ‘ പോയി കാണും. ഒരു ദിവസം അയാളോട് ആരോ ഇളയമകളെക്കുറിച്ച് പറഞ്ഞു. അന്ന് വൈകിട്ട് അയാള്‍ മകളോട് അവളുടെ പഠിത്തത്തെക്കുറിച്ച് ചോദിച്ചു. താന്‍ കേട്ടത് സത്യമാണോ എന്ന് അവളോട് ചോദിച്ചു. മകളുടെ സഹായത്തിന് അമ്മയെത്തി,ചേച്ചിയും അനുജത്തിയെ സഹായിക്കാന്‍ എത്തി. അയാളുടെ നൂറുകൂട്ടം കുറ്റങ്ങള്‍ അവര്‍ അക്കമിട്ട് നിരത്തി.

“ അവിധിക്ക് വരുമ്പോള്‍ വരുമ്പോള്‍ രണ്ട് നിക്കറ് കൊണ്ടുവന്നു തന്നാല്‍ പെണ്‍‌പിള്ളാര്‍ക്ക് ഒന്നുമാവത്തില്ല“ മൂത്തമകള്‍
“ പപ്പ തരുന്ന കാശു സ്കൂളിലെ വണ്ടിക്ക് പോലും കൊടുക്കാന്‍ കഴിയത്തില്ല “ ഇളയമകള്‍.
“ നിങ്ങളെക്കൊണ്ട് പ്രയോജനമില്ലാത്തതു കൊണ്ടാ പിള്ളാര് ഇങ്ങനെയൊക്കെ ആവുന്നത് ...” ഭാര്യ.

ഭാര്യയുടെയും മക്കളുടേയും വാക്കുകള്‍ അയാളെ മുറിപ്പെടുത്തി. അയാളൊന്നും പറയാതെ ഷോള്‍ഡര്‍ ബാഗില്‍ കുറച്ച് വസ്ത്രങ്ങള്‍ നിറച്ച് വീട്ടില്‍ നിന്നിറങ്ങി. അനുജന്മാര്‍ അനുനയിപ്പിച്ച് കൊണ്ടുവരാന്‍ ശ്രമിച്ചു വെങ്കിലും അയാള്‍ അനുനയത്തിന് തയ്യാറായില്ല.ഒരാഴ്ച എവിടയൊക്കയോ കറങ്ങി നടന്ന അയാളെ കണ്ടെത്തി വീട്ടിലേക്കിപ്പോള്‍ തിരിച്ചു കൊണ്ടുവന്നിട്ടുണ്ട്.