Friday, August 22, 2008

മലയാളികള്‍ ഇത്രയും കാര്യങ്ങള്‍ ചെയ്യുക :

നേരത്തെ പ്രഖ്യാപിക്കപ്പെട്ട പണിമുടക്കില്‍ ഉണ്ടാകുന്ന യാതൊരു ബുദ്ധിമുട്ടുകള്‍ക്കും സമരനേതാക്കള്‍ ഉത്തരവാദികള്‍അല്ലന്ന് പറഞ്ഞ് നേതാക്കള്‍ കൈ കഴുകിയ സ്ഥിതിക്ക് മലയാളികള്‍ ഇത്രയും കാര്യങ്ങള്‍ ചെയ്യുക :

ഇവിടെ നോക്കുക :

Friday, August 8, 2008

മരണങ്ങളെ തോല്പിച്ച അമ്മ:

സന്തുഷ്ട കുടുംബം എന്നവരുടെ ജീവിതത്തെ വിശേഷിപ്പിക്കാമായിരുന്നു.അവര്‍ എന്ന് പറഞ്ഞാല്‍ അച്ചായനുംഅമ്മാമ്മയും അവരുടെ രണ്ട് പെണ്‍കുട്ടികളും.അച്ചായന്‍ വാടകയ്ക്ക് ടെമ്പോ ഓടിക്കുകയായിരുന്നു.പെണ്‍കുട്ടികള്‍ രണ്ടും യു.പി.സ്കൂളില്‍ പഠിക്കുന്നു. ജീവിതത്തില്‍ സാമ്പത്തികമായ വന്‍ നേട്ടങ്ങള്‍ ഇല്ലങ്കിലുംസന്തോഷകരമായ ജീവിതം. ഇതിനിടയിലാണ് അമ്മാമ്മയ്ക്ക് അസ്വസ്ഥതകള്‍ ആരംഭിക്കുന്നത്. ശരീരവേദനയുമായി ആശുപത്രികള്‍ കയറിയിറങ്ങി.പലഡോക്ടര്‍മാരും ടെസ്റ്റുകള്‍ക്ക് കുറിച്ചുകൊടുത്തു. കുറച്ചുനാളുകള്‍ക്ക്ശേഷം അവരുടെ സന്തോഷത്തിന്മേല്‍ കരിനിഴല്‍ വീഴ്ത്തികൊണ്ട് പരിശോധനാ റിസല്‍ട്ട് വന്നു.ക്യാന്‍സര്‍ !!!..മരണം ഏത് നിമിഷവും കടന്ന് വരാം. അമ്മാമ്മയ്ക്ക് മരിക്കാന്‍ ഭയമില്ലായിരുന്നു.ഒരു ദുഃഖംമാത്രം.പറക്കമുറ്റാത്ത രണ്ട് പെണ്മക്കള്‍. ഒരമ്മയുടെ കരുതലും സംരക്ഷണവും ഏറ്റവും കൂടുതല്‍ വേണ്ടപ്രായത്തിലേക്ക് മക്കള്‍ കടക്കുന്നതേയുള്ളൂ..

അമ്മാമ്മയുടെ അസുഖം അറിഞ്ഞതോടെ അച്ചായന്‍ ഡൌണ്‍ ആയിത്തുടങ്ങി. ഇത്രയുംകാലും തന്റെ കൂടെകഴിഞ്ഞവള്‍.അവള്‍ മരണത്തിലേക്ക് നടന്ന് പോവുകയാണന്ന് അറിഞ്ഞപ്പോള്‍ മുതല്‍ മനസ്സിന് തീപിടിക്കുന്നു.മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധ്യതയുണ്ടന്ന് ഡോക്ടര്‍മാര്‍ നല്‍കിയഉറപ്പുകളില്‍ അച്ചായന്‍ പിടിച്ചുനിന്നു. പരിശോധനകള്‍ മുറയ്ക്ക് നടന്നു.രോഗത്തിന്റെ കാഠിന്യത്തിന് കുറവുള്ളതായി പുതിയറിപ്പോര്‍ട്ടുകളില്‍ കാണിച്ചു.കുടുംബത്തിനും ഡോക്ട്‌ര്‍മാര്‍ക്കും പ്രതീക്ഷകളായി.

ചികിത്സയ്ക്കായി ആശുപത്രിയില്‍ പോകുന്നതിനുമുമ്പുള്ള ദിനങ്ങള്‍.പലരും അമ്മാമ്മയെ കാണാന്‍ വന്നു.ഔചിത്യബോധമില്ലാത്ത ചില സന്ദര്‍ശകര്‍ രോഗത്തിന്റെ ഭീകരതയെക്കുറിച്ച് തങ്ങളുടെ കൂടെ വന്ന്മറ്റ് സന്ദര്‍ശകര്‍ക്ക് അമ്മാമ്മയുടേയും അച്ചായന്റേയും മുന്നില്‍ വച്ച് ക്ലാസുകള്‍ എടുത്തു.പ്രാര്‍ത്ഥനാകൂട്ടങ്ങള്‍ എത്തി അമ്മാമ്മയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു.അതിലൊരു പ്രാര്‍ത്ഥനാകൂട്ടത്തിലെ ‘കര്‍ത്താവിന്റെ ദാസി’ പ്രാര്‍ത്ഥിച്ചത് വേദനയില്ലാത്ത മരണത്തിനു വേണ്ടിയാണ് .പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത അച്ചായന് അത്താങ്ങാവുന്നതില്‍ അപ്പുറമായിരുന്നു.തന്നെ എല്ലാവരും കൂടി പറ്റിക്കുകയായിരുന്നോ ? തന്റെ ഭാര്യ മരണത്തിലേക്ക് തന്നെയാണോ പോകുന്നത്.അല്പം മദ്യംകൂടി അകത്ത് ഉള്ളതുകൊണ്ട് ചിന്തകള്‍ തലതിരിഞ്ഞാണ്വരുന്നത് .

പിറ്റേന്ന് അച്ചായനെ ജനങ്ങള്‍ കാണുന്നത് ഒരു പറങ്കിമാവില്‍ തൂങ്ങി നില്‍ക്കുന്നതാണ്. “ഭാര്യയുടെ മരണംകാണാന്‍ കഴിവില്ലാത്തതുകൊണ്ട് താന്‍ പോകുന്നു.”.മക്കളെക്കുറിച്ച് അയാള്‍ ഓര്‍ത്തില്ല.അമ്മാമ്മവാവിട്ട്നിലവിളിച്ചില്ല.പാവത്തിന് അതിനുള്ള കെല്പ് ഇല്ലായിരുന്നു. മരണത്തിലേക്ക് ദിവസങ്ങള്‍ എണ്ണുന്നഅമ്മയും രണ്ട് പെണ്മക്കളും. അവരുടെ കണ്ണീര്‍ കാണാതിരിക്കാന്‍ ദൈവത്തിനു കഴിയുമോ?

പതിനഞ്ചോളം വര്‍ഷങ്ങള്‍ ഇപ്പോള്‍ കഴിഞ്ഞിരിക്കുന്നു.മാസങ്ങളുടെ ആയുസ്സ് മാത്രം കല്പിച്ചിരുന്നഅമ്മാമ്മ ഇപ്പോഴും ജീവിക്കുന്നു.രണ്ട് പെണ്മക്കളേയും പഠിപ്പിച്ച് , ജോലിആയപ്പോള്‍ വിവാഹംചെയ്തയച്ചു.വൈദ്യശാസ്ത്രത്തിനും അതീതമായ ഒരു ‘ശക്തി‘യുടെ ശക്തിയില്‍ രോഗത്തിന്റെ തീവ്രതയില്‍നിന്ന് വിടുതല്‍ കിട്ടി ഈ അമ്മ ജീവിക്കുന്നു.തന്റെ മക്കളുടെ ജീവിതം കാണാനായി.തനിക്ക് താങ്ങായിനില്‍ക്കേണ്ട ഭര്‍ത്താവ് മരണത്തെ അഭയം പ്രാപിച്ചപ്പോഴും ഈ അമ്മ അതിനെ അതിജീവിച്ചു ,സ്വന്തം രോഗത്തേയും,മരണത്തേയും തോല്പിച്ച് ഈ അമ്മ ജീവിക്കുന്നു.

Wednesday, August 6, 2008

പിള്ളമനസ്സില്‍ കള്ളമില്ല :

ഒരു ദിവസം അതിരാവിലെ എഴുന്നേറ്റ് തങ്കച്ചന്‍ ഉപദേശി പ്രാര്‍ത്ഥിക്കുകയായിരുന്നു.ഇങ്ങനെ അതിരാവിലെഎഴുന്നേറ്റിരുന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ തങ്കച്ചനുപദേശിക്ക് പല വെളിപാടുകളും കിട്ടിയിട്ടുണ്ടത്രെ ! നാട്ടില്‍തങ്കച്ചന്‍ ഉപദേശിക്ക് വിലയില്ലങ്കിലും അങ്ങ് വടക്കോട്ടും തെക്കോട്ടും പോയാല്‍ ഉപദേശിക്ക് ഭയങ്കരവിലയാണന്ന് (ഉപദേശിയുടെ പ്രാര്‍ത്ഥനയ്ക്കും) പലരും പറഞ്ഞിട്ടുണ്ട്. തങ്കച്ചന്‍ ഉപദേശി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ അതാവരുന്നു ഒരു വെളിപാട്.”തങ്കച്ചാ,എഴുന്നേല്‍ക്കൂ ,ചെരുപ്പെടുത്ത് കാലില്‍ ഇടൂ,നമ്മുടെ അയ്യത്ത്(പറമ്പില്‍) ഒരു പട്ടി ചത്തുകിടക്കുന്നു“.വെളിപാട് കിട്ടിയ ഉടനെ തങ്കച്ചന്‍ ഉപദേശിപ്രാര്‍ത്ഥന അര്‍ദ്ധവിരാമത്തില്‍ നിര്‍ത്തി എഴുന്നേറ്റു,ചെരുപ്പെടുത്തിട്ട് അയ്യത്തേക്ക് ഇറങ്ങി.

അയ്യത്തിന്റെ അതിരു പിടിച്ച് ഉപദേശി നടന്നു.അവസാ‍നം പട്ടിയെ കണ്ടെത്തി.ഉപദേശിയുടെ മൂന്നാമത്തെ അയ്യത്ത് , അയിലോക്കത്തെ വീടിനോട് ചേര്‍ന്നാണ് പട്ടികിടക്കുന്നത്.ഉപദേശിപട്ടിയുടെ ചുറ്റും ഒന്ന് നടന്നുനോക്കി.ആരോ വിഷം വച്ച് കൊന്നതാണ് .ഏതായാലും പട്ടിയെ കുഴിച്ചിടണം.പട്ടിയെ കണ്ടയുടനെ ആരുടെ വീട്ടിലെ പട്ടിയാണന്ന് ഉപദേശിക്ക് മനസ്സിലാ‍യി.

എന്നാലും പട്ടി എങ്ങനെ തന്റെ അയ്യത്ത് വന്നു എന്ന് അറിയണമല്ലോ ?പട്ടികിടക്കുന്ന അയ്യത്തിന്റെനേരെയുള്ള വീട്ടിലെ അച്ചായനും അമ്മാമ്മയും കൊച്ചുപയ്യനും(ഈ അച്ചായന്റെ അനിയന്റെ മകനാണ്) മുറ്റത്ത് നില്‍പ്പുണ്ട്. തങ്കച്ചന്‍ ഉപദേശി അവരോട് തന്നെ ചോദിക്കാന്‍ തീരുമാനിച്ചു.“ഈ പട്ടിയെങ്ങനാ ഇവിടെ വന്നതന്ന് അറിയാമോ ?”ഉപദേശിയുടെ ചോദ്യം കേട്ട് അച്ചായനും അമ്മാമ്മയും കൈമലര്‍ത്തി.പട്ടിയെന്ന് പറയുന്ന ജീവിയെഇതുവരെ കണ്ടിട്ടില്ലേ എന്നുള്ള ഭാവത്തില്‍ അച്ചായനും അമ്മാമ്മയും നിന്നു.അവരറിയാതെ ഒരിക്കലുംപട്ടി തന്റെ അയ്യത്ത് വരത്തില്ലന്നുള്ള വാദത്തില്‍ മുറുകെ പിടിച്ച് ഉപദേശി കത്തിക്കയറുകയാണ് .

“എങ്ങനാ ഈ പട്ടി എന്റെ അയ്യത്ത് വന്നതെന്ന് അറിയത്തില്ലല്ലോ ?”ഉപദേശി അവസാനമായി ചോദിച്ചു.”അറിയത്തില്ല.. ഞാനിപ്പോഴാണ് ഈ പട്ടിയെ കാണുന്നത് “അച്ചായന്‍ ഉത്തരം നല്‍കി.അച്ചയന്റേയും അമ്മാമ്മയുടേയും കൂടെ മുറ്റത്ത് നിന്ന് പല്ലു തേച്ചുകൊണ്ടിരുന്ന കൊച്ചുപയ്യന് ക്ഷമയങ്ങ്നശിച്ചു.അവന്‍ തന്റെ വലിയപപ്പായുടെ നേരെ തിരിഞ്ഞു.”എടാ പൊട്ടാ ,നീ ഇത്ര പെട്ടന്ന് മറന്ന് പോയോ?നീ അല്ലിയോടാ പൊട്ടാ നുമ്പേ പട്ടിയെ എടുത്ത് നമ്മുടെ മുറ്റത്ത് നിന്ന് അങ്ങോട്ട് ഇട്ടത് ?”

പിന്നത്തെ കാര്യം ഒന്നും പറയേണ്ടായല്ലോ ...ഉപദേശിയെ സഹായിക്കാന്‍ ഉപദേശി അമ്മാമ്മയും എത്തി.അടിയുടെ വക്കോളം എത്തിയ പ്രശ്നം നാട്ടുകാര്‍ ഇടപെട്ട് പറഞ്ഞു തീര്‍ത്തു.

(ഉപദേശിക്ക് പ്രാര്‍ത്ഥനാസമയത്ത് കിട്ടിയ വെളിപാട് എവിടെ നിന്നാണന്ന് അറിയാമോ ? തന്റെഭാര്യയില്‍ നിന്നു തന്നെ .”തങ്കച്ചാ,എഴുന്നേല്‍ക്കൂ ,ചെരുപ്പെടുത്ത് കാലില്‍ ഇടൂ, നമ്മുടെ അയ്യത്ത്(പറമ്പില്‍) ഒരു പട്ടി ചത്തുകിടക്കുന്നു“.ഉപദേശി അമ്മാമ്മയുടെ ശബ്ദ്ദം തന്നെ ആയിരുന്നു.)

Sunday, August 3, 2008

കല്യാണ രാത്രിയിലെ നിലവിളി :

കെട്ട് ചെറുക്കന്റെ പള്ളിയില്‍ വച്ച് നടത്തിയാല്‍ ചെറുക്കന്റെ വീടുകയറി ചെറുക്കനും പെണ്ണും പെണ്ണിന്റെവീട്ടിലേക്ക് പോകുന്നതാണ് ഞങ്ങളുടെ നാട്ടിലെ ക്രിസ്‌ത്യാനികളിലെ നാട്ടുനടപ്പ്.പെണ്ണിന്റെ വീട് വളരെദൂരെയാണങ്കില്‍ മാത്രം വീടുകയറലും മറ്റും ചെറുക്കന്റെ വീട്ടില്‍ വച്ചങ്ങ് നടത്തും.ഇത് നാട്ടുനടപ്പാണേ.നമ്മളുണ്ടാക്കുന്ന ചട്ടങ്ങള്‍ നമ്മള്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ മാറ്റാമല്ലോ ?

നമ്മുടെ നായകന്‍ കല്യാണം കഴിഞ്ഞ് നായികയും കൂട്ടി ചെറുക്കന്റെ വീടുകയറി.അമ്മായിഅമ്മ കത്തിച്ചുകൊടുത്ത നിലവിളക്ക് വാങ്ങി വലതുകാല്‍ വച്ച് മരുമകള്‍ അകത്തേക്ക് കയറി.അമ്മായിഅപ്പന്‍കാര്‍ന്നോര്‍ വീഡിയോയൊക്ക് പോസ് ചെയ്ത് അങ്ങനെ തിളങ്ങി നില്‍ക്കുകയാണ് .അമ്മായിഅമ്മ കൊണ്ടുകൊടുത്ത് പാല്‍ മരുമകള്‍ വാങ്ങിക്കുടിച്ചു.നാട്ടുനടപ്പിന് ഒരു മാറ്റം അനിവാര്യം ആയതുകൊണ്ട് നായകനുംനായികയും(വധൂവരന്മാര്‍) ചെറുക്കന്റെ വീട്ടില്‍ തന്നെ തങ്ങാന്‍ തീരുമാനിച്ചുറച്ചിരുന്നു.

സൂര്യന്റെ നിഴലിന് കിഴക്കോട്ട് നീളം വയ്ക്കുന്നതിനനുസരിച്ച് നവവരന് ആധികൂടി.എടാ സൂര്യാ പെട്ടന്നോന്ന്അസ്തമിക്കടാ എന്ന് നവവരന്‍ മനസ്സില്‍ പറഞ്ഞു.സൂര്യനുണ്ടോ അത് കേള്‍ക്കുന്നത് ?കല്യാണമാണങ്കിലുംഅടീയന്തരമാണങ്കിലും സൂര്യന്‍ അവന്റെ പണി കൃത്യനിഷ്ഠയോടങ്ങ് ചെയ്യും.അവസാനം എണ്ണി എണ്ണിനേരം രാത്രിയാക്കി.തടത്തില്‍ ദിനേശനെപ്പോലെ ആകാതിരിക്കാന്‍ തലയിണമന്ത്രം അഞ്ചാറു പ്രാവിശ്യമാണ്കഥാനായകന്‍ കണ്ടത്.

അത്താഴം കഴിക്കാനായി ചെറുക്കനും പെണ്ണും അടക്കളയില്‍ എത്തി.അമ്മായിഅമ്മ ചട്ടിയും കലവുമൊക്കെമരുമോളെ കാണിച്ചുകൊടുത്തു.പ്രാണപ്രിയന് പ്രേയസ്സി ചോറുവിളമ്പി.രണ്ട് പേരും ഒരുമിച്ചിരുന്ന് ഭക്ഷണംകഴിച്ച് എഴുന്നേറ്റു.മരുമകളുടെ കൈയ്യില്‍ പാലുഗ്ലാസും കൊടുത്തിട്ടാണ് അമ്മായി അമ്മ തന്റെ കെട്ടിയോന്ചോറ് വിളമ്പിയത്.കാര്‍ന്നോരും കാര്‍ന്നോത്തിയുംകൂടി ഉമ്മറപ്പടിയിലിരുന്ന് അത്താഴം കഴിക്കാന്‍ തുടങ്ങി.മണിയറയുടെ വാതില്‍ വലിച്ചടയ്ക്കുന്ന ശബ്ദ്ദവും കേട്ടു.(മഴക്കാലമായതുകൊണ്ട് വാതിലങ്ങോട്ട് വലിച്ചടച്ചില്ലങ്കില്‍ കുറ്റിയിടാന്‍ പറ്റത്തില്ല.).

ചോറിലേക്ക് കൈയ്യിട്ട ഉടനെ ഒരു നിലവിളി ശബ്ദ്ദം കേട്ട് കാര്‍ന്നോരുടെ കൈയ്യില്‍ നിന്ന് ചോറുപാത്രംനിലത്ത് വീണു.നിലവിളി മകന്റെ മണിയറയില്‍ നിന്നാണന്നും നിലവിളിശബ്ദ്ദം മരുമകളുടെ നിലവിളിആണന്നും മനസ്സിലാക്കാന്‍ കാര്‍ന്നോര്‍ക്ക് അല്പസമയം വേണ്ടിവന്നു.ആ നിലവിളി ശബ്ദ്ദം തന്റെ വീടുംകടന്ന് അയലോക്കത്തെ വീടുകള്‍ വരെ എത്തിയന്ന് കാര്‍ന്നോര്‍ക്ക് മനസ്സിലായി.കാര്‍ന്നോരുംകാര്‍ന്നോത്തിയും മണിയറവാതിക്കല്‍ എത്തി.“എന്തോന്നാടാ ,നീ കൊച്ചിനെ പേടിപ്പിക്കുന്നത് ?”അപ്പന്‍മകനോട് വാതിക്കല്‍ നിന്ന് ചോദിച്ചു.അകത്ത് എന്തക്കയോ തട്ടിമറിയുന്ന ശബ്ദ്ദവും കൂടി കേട്ടപ്പോള്‍അകത്ത് മൂന്നാം ലോകമഹായുദ്ധം നടക്കുവാണോ എന്നവര്‍ സംശയിച്ചെങ്കില്‍ കുറ്റം പറയാന്‍ പറ്റത്തില്ലല്ലോ ?

വാതില്‍ തുറന്ന് വിയര്‍പ്പ് നിറഞ്ഞ മുഖത്തോട് മകന്‍ ഇറങ്ങിവന്നു.അവനങ്ങ് നന്നായി അണയ്ക്കുണ്ടായിരുന്നു.അവന്റെ തൊട്ടുപുറകെ തന്റെ നിലവിളി ഒന്നന്നൊര നിലവിളിആയിപ്പോയന്നുള്ള ഭാവത്തോടെമരുമകളും ഇറങ്ങിവന്നപ്പോള്‍ അപ്പനുമമ്മയും മകനെ സംശയത്തോടെ നോക്കി.നീ എന്തോ പണിയാടാഒപ്പിച്ചത് എന്ന് ഭാവത്തില്‍ അപ്പന്‍ മോനെ നോക്കി.ഇതിലൊന്നും വലിയകാര്യമില്ലന്നുള്ള ഭാവത്തില്‍അമ്മായിഅമ്മ മരുമകളെ നോക്കി.നിലവിളി ശബ്ദ്ദംകേട്ട അയല്‍‌വക്കക്കാര്‍ മുറ്റത്തേക്ക് കയറിവന്നു.

പിറ്റേന്ന് രാവിലെ മകന്‍ ആശാരിയെ വിളിച്ചുകൊണ്ട് വന്ന് തങ്ങളുടെ കിടപ്പുമുറിക്ക് സീലിംങ്ങ് അടിപ്പിച്ചപ്പോഴാണ് തലേന്ന് രാത്രിയിലെ നിലവിളി രഹസ്യം പുറത്തായത്.കട്ടിലില്‍ കിടന്ന പെണ്ണിന്റെ(നവവധു)തലയ്ക്ക്‍ലോട്ട് ഓടിനിടയില്‍ നിന്ന് ഒരെലി പിടിവിട്ട് വീണു.എലിയെ കണ്ടാണ് പെണ്ണ് നിലവിളിച്ചത്.തങ്ങളുടെ മണയറയില്‍ അതിക്രമിച്ച് കടന്ന എലിയെ തുരത്താന്‍ നവവരന്‍ നടത്തിയ ശ്രമങ്ങളാണ്മൂന്നാം ലോകമഹായുദ്ധമായി തോന്നിയത് .

ആശാരിപോയിക്കഴിഞ്ഞപ്പോള്‍ അപ്പന്‍ മകനോട് പറഞ്ഞു...”ഞാനോര്‍ത്തടാ മോനേ ,നീ എന്തെങ്കിലുംകാണിച്ച് അവളെ പേടിപ്പിച്ചതാണന്ന് ...”